കൊച്ചി:ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ യൂണിടാക്കിന് കരാർ നൽകാൻ സമ്മർദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തിൽ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.
പദ്ധതി സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സർക്കാറും ദുബൈയിലെ റെഡ്ക്രസൻ്റ് എന്ന സംഘടനയുമായാണ്. എന്നാൽ നിർമ്മാണക്കരാർ ഒപ്പിട്ടത് യു എ ഇ കോൺസൽ ജനറലും യൂണിടാക്കും തമ്മിലാണ്. സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രമേ കരാർ നൽകാവൂ എന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു. മാത്രമല്ല ഇതിനായി ലിമിറ്റഡ് ടെൻഡർ വിളിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.ഈ രണ്ട് നിർദ്ദേശങ്ങളും അട്ടിമറിക്കപ്പെട്ടത് ശിവശങ്കറിന്റെ സമ്മർദ്ദഫലമാണെന്നാണ് ഇ.ഡി.യുടെ നിഗമനം. യു.വി.ജോസിന്റെ സാന്നിദ്ധ്യത്തിൽ ശിവശങ്കറിൽ നിന്ന് ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് എൻഫോഴ്സ്മെൻറ് തയ്യാറെടുക്കുന്നത്.
Comments