ഹിന്ദു ഐതിഹ്യ പ്രകാരം പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഒരു കഥ മലയാളികൾക്കിടയിൽ പ്രസിദ്ധമാണ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമാണ് കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നത്. 1956 നവംബർ ഒന്നിനാണ് കേരളത്തിന്റെ ജന്മദിനം. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പാരിസ്ഥികമായും സാമൂഹികമായും ഒരുപടി മുൻപിൽ നിൽക്കുന്ന സംസ്ഥാനം കേരളം തന്നെയാണെന്ന് മലയാളികൾക്ക് എന്നും അവകാശപ്പെടാം. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ കാടും പുഴകളും നദികളും സമ്പന്നമാണ്. മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും കേരളത്തിനുണ്ട്.
അഞ്ചു ജില്ലകൾ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഓരോ ജില്ലകൾക്കും അതിന്റേതായ പ്രത്യേകതകളും ഉണ്ട്. മലയാള ഭാഷയ്‌ക്ക് തന്നെ ഓരോ ജില്ലയിലും ഓരോ സൗന്ദര്യമാണ്. വിദ്യാഭ്യാസ രംഗത്തും കല സാംസ്കാരിക രംഗത്തും ഒരു മാതൃക സംസ്ഥാനം കൂടിയാണ് കേരളം. ആരോഗ്യപ്രവർത്തന രംഗത്തും സാമൂഹിക രംഗത്തും ഏറെ വികസനങ്ങൾ മലയാള മണ്ണ് ഓരോ വർഷവും കൊണ്ടുവരാറുണ്ട്.
ലോകത്തിന്റെ പല ഭാഗത്തു നിന്നും കേരളം സന്ദർശിക്കുവാനായി സഞ്ചാരികൾ മലയാള മണ്ണിലേക്ക് എത്തിച്ചേരുന്നു. രാജ്യാന്തര യാത്രാസൗകര്യങ്ങളും ഐടിയുടെ വികസനവും കേരളത്തിന്റെ പച്ചപ്പും ടൂറിസം സാധ്യതകൾ കൂട്ടുന്നു. കൊറോണ എന്ന ഈ പ്രതിസന്ധിയിലും നമ്മൾ വിജയം കൈവരിക്കും എന്ന പ്രതീക്ഷ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ഈ കേരളപ്പിറവി ദിനം.
Comments