വാഷിംഗ്ടൺ: ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രിസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം സന്തോഷിച്ചിരുന്നു. എന്നാൽ കമലാ ഹാരിസ് മാത്രമല്ല താനും ഇന്ത്യയുടെ ബന്ധു തന്നെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു. തന്റെ മുതു മുത്തച്ചൻ വിവാഹം കഴിച്ചത് ഇന്ത്യയിൽ നിന്നാണ്. പഴയ ഈസ്റ്റ് ഇന്ത്യാക്കമ്പനയുമായി ബന്ധപ്പെട്ടതാണ് ബൈഡന്റെ ഇന്ത്യാ ബന്ധമെന്നാണ് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളത്.
വൈസ് പ്രസിഡന്റായിരുന്ന കാലത്ത് 2013 ൽ ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടയിൽ മുംബൈയിൽ വെച്ചായിരുന്നു ബന്ധം പുതുക്കാൻ ബൈഡൻ തന്റെ പഴയ ഇന്ത്യാബന്ധം വെളിപ്പെടുത്തിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യാബന്ധമുള്ളയാളുടെ സന്തതി പരമ്പരയിൽ പെട്ടയാളാണ് താനെന്നായിരുന്നു ബൈഡൻ പറഞ്ഞത്.
തന്റെ പരമ്പരയിലെ ഒരു മുതു മുത്തച്ഛനായ ജോർജ്ജ് ബൈഡൻ ഈസ്റ്റിന്ത്യാ കമ്പനിയുടെ ക്യാപ്റ്റനായിരുന്നു. അദ്ദേഹം ഒരു ഇന്ത്യാക്കാരിയെ വിവാഹം കഴിച്ച് ഇന്ത്യയിൽ ജീവിച്ചയാളാണ്. എന്നാൽ ജോർജ്ജ് ബൈഡനുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇന്ത്യയിൽ ഇല്ല. എന്നാൽ മുംബൈയിലെ വിദേശകാര്യവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ കയ്യിലുള്ള ഗേറ്റ്‌വേ ഹൗസിലെ വിവരംവച്ച് ജോർജ്ജ് ബൈഡന്റെ സഹോദരങ്ങളായ ക്രിസ്റ്റഫർ ബൈഡനും വില്യം ഹെന്റി ബൈഡനും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചിരുന്നതായി പറയുന്നുണ്ട്.
1843 ൽ 51 വയസ്സുള്ളപ്പോൾ റംഗൂണിൽ വെച്ച് പക്ഷാഘാതം വന്നു വില്യം മരിക്കുകയായിരുന്നു. എന്നാൽ ക്രിസ്റ്റഫർ ഇന്ത്യയിൽ താമസിക്കുകയും മദിരാശിയിലെ അറിയപ്പെടുന്ന ഒരാളായി മാറുകയും ചെയ്തു. 1830 ൽ കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ എഴുതിയ ക്രിസ്റ്റഫർ ഹരിയത്ത് ഫ്രീത്തിനെ വിവാഹം കഴിക്കുകയും ഇവർക്ക് രണ്ടു പെൺമക്കൾ ജനിക്കുകയും ചെയ്തു. ഇവരിൽ ഒരാൾ ഇന്ത്യയിലേക്കുള്ള കപ്പൽയാത്രയ്‌ക്കിടയിൽ മരിക്കുകയും അതിനെ കടലിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. 19 വർഷത്തെ മദിരാശി ജീവിതത്തിൽ ക്രിസ്റ്റഫർ ഒരു കഠിനാദ്ധ്വാനിയും ദയാലുവുമായി മാറി. ഇന്ത്യാക്കാർ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലുംപ്പെട്ട നാവികരുടെ വിധവകളേയും അനാഥരേയും അദ്ദേഹം സംരക്ഷിച്ചു.
എന്നാൽ ക്രിസ്റ്റഫർ ബൈഡനുമായി ജോ ബൈഡനുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോഴും അറിയപ്പെടുന്ന ചരിത്രകാരന്മാർക്കൊന്നും ഒരു വിവരവും കണ്ടെത്താനായിട്ടില്ല. ക്രിസ്റ്റഫർ ഇന്ത്യാക്കാരിയെ അല്ല വിവാഹം ചെയ്തതെന്നാണ് ഇവർ പറയുന്നത്. അതുപോലെ തന്നെ ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ പ്രവർത്തിക്കുകയോ ഇന്ത്യയിൽ താമസിക്കുകയോ ചെയ്തിട്ടില്ലെന്നും ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
















Comments