ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി. ജയിലിൽ കഴിയുന്ന അർണബിന്റെ ആരോഗ്യത്തേയും സുരക്ഷയേയും കുറിച്ച് ആശങ്കയുണ്ട്. ജയിലിൽ വച്ച് ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോശ്യാരി പറഞ്ഞു. ഇത് സംബന്ധിച്ച ആശങ്ക സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ഗവർണർ ധരിപ്പിച്ചു.
അർണബിന്റെ കുടുംബത്തിന് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും ഗവർണർ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. അലിബാഗിലെ ക്വാറന്റീൻ സെന്ററിൽ കഴിഞ്ഞിരുന്ന അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.
അതേസമയം ആർക്കിടെക്ട് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന അർണബിന്റെ ജാമ്യ ഹർജിയിൽ വിധി ഉടനുണ്ടാകും. അടിയന്തര ജാമ്യത്തിന് കീഴ് കോടതിയെ സമീപിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചെങ്കിലും പിന്നീട് കേസ് ലിസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവർ അർണബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥയ്‌ക്ക് സമമെന്നുമായിരുന്നു ഉയർന്നുവന്ന പ്രതികരണങ്ങൾ.
















Comments