ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. കേവലം ഒരു മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നതിലുപരി ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാനങ്ങള്‍ പലതാണ്. എന്‍ഡിഎ അധികാരം നിലനിര്‍ത്തിയാല്‍ കൊറോണ വൈറസിനെതിരായ പ്രതിരോധവും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളും ജനം അംഗീകരിച്ചെന്നും മഹാസഖ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും വിലയിരുത്താം.
കൊറോണ വൈറസ് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ ആളുകള്‍ ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു. ഈ പ്രതിസന്ധി നിതീഷ് കുമാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാവുന്ന വലിയ ഒരു ഘടകം തന്നെയാണ്.
തേജസ്വി യാദവിന്റെ റാലികളില്‍ കണ്ട വന്‍ ആള്‍ക്കൂട്ടം വോട്ടായി മാറുമോ എന്നതും മഹാസഖ്യം മുന്നേറ്റമുണ്ടാക്കുമോ എന്നതും ബീഹാര്‍ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിനും സംഘത്തിനും നേരിയ ആശ്വാസത്തിന് വകയുണ്ടാകും. മറിച്ച്, പരാജയപ്പെട്ടാല്‍ മഹാസഖ്യം എന്നത് ജനങ്ങള്‍ തള്ളിക്കളഞ്ഞ വെറുമൊരു കൂട്ടായ്മയായി മാറും.
ബീഹാറില്‍ ഭരണം നിലനിര്‍ത്തിയാല്‍ ബിജെപി ക്യാമ്പിന് അത് നല്കുന്ന ആത്മവിശ്വാസം കുറച്ചൊന്നുമാകില്ല. കാരണം, അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അയല്‍ സംസ്ഥാനം എന്ന നിലയില്‍ ബീഹാറില്‍ അധികാരം ഉറപ്പിച്ചാല്‍ വര്‍ധിത വീര്യത്തോടെ ബിജെപിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാം. ഉത്തര്‍പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറിലെ വിജയം ബിജെപിയ്ക്ക് അനിവാര്യമാണ്.
Comments