ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം പ്രത്യാശയുടെയും പ്രതീക്ഷയുടെയും വിജയമാണെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. എന്‍ഡിഎയുടെ വികസന രാഷ്‌ട്രീയം ജനങ്ങള്‍ അംഗീകരിച്ചതായും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. രാജവാഴ്ചയും അഴിമതിയും ഭിന്നിപ്പിന്റെ രാഷ്‌ട്രീയവും ബിഹാറിലെ ജനങ്ങള്‍ തളളിക്കളഞ്ഞതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു.
ജാതി രാഷ്‌ട്രീയത്തെയും പ്രീണനസ്വഭാവത്തെയും പൂര്‍ണമായി നിരാകരിച്ചാണ് ജനങ്ങള്‍ എന്‍ഡിഎയുടെ വികസന രാഷ്‌ട്രീയത്തെ അംഗീകരിച്ചതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഇരട്ട എന്‍ജിന്‍ വികസനത്തിന്റെ വിജയം കൂടിയാണിതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ബിജെപി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ജെ.പി നദ്ദ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളും നിതീഷ്‌കുമാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിച്ചിരിക്കുകയാണെന്നും ജെ.പി നദ്ദ കൂട്ടിച്ചേര്‍ത്തു.
















Comments