മുംബൈ: ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. അർണബിന്റേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി അറിയിച്ചു. മഹാരാഷ്‌ട്രാ സർക്കാരിന്റേയും ബോംബൈ ഹൈക്കോടതിയുടേയും നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണബ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിരീക്ഷണം.
വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഹൈക്കോടതികൾക്ക് കഴിയണം. ഇന്ത്യൻ ജനാധിപത്യം അസാധാരണമാം വിധം പുനരുജ്ജീവന ശേഷയുള്ളതാണെന്നും ടെലിവിഷനിലൂടെ അർണബ് നടത്തുന്ന പരാമർശങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരിൽ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി ആരോപിച്ചു.
താലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവെ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ബുധനാഴ്ച അർണബിനെ അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും ബലമായാണ് കസ്റ്റഡിയിൽ എടുത്തതെന്നും അർണബ് പരാതി ഉന്നയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവർ അർണബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥയ്‌ക്ക് സമമെന്നുമായിരുന്നു ഉയർന്നുവന്ന പ്രതികരണങ്ങൾ.
















Comments