എറണാകുളം: ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിലൂടെ കോടികളുടെ തട്ടിപ്പ്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് വ്യാപകമായ തട്ടിപ്പ് നടക്കുന്നത്. വിദേശികളെന്ന് ചമഞ്ഞ് ഒരു സംഘം അടുത്തിടെ എറണാകുളം സ്വദേശിയുടെ കയ്യിൽ നിന്നും തട്ടിയത് 20 ലക്ഷം രൂപയാണ്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ കോടീശ്വരനായ വിദേശിയാണെന്നും ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ താൽപര്യമുണ്ടെന്നും അറിയിക്കും. തുടർന്ന് അക്കൗണ്ടിന്റെ വിശദാംശങ്ങൾ വാങ്ങിയെടുക്കും. ഇതിനെല്ലാം വിദേശ നമ്പറുകളിൽ നിന്നാണ് സാധാരണ വിളിക്കുന്നത്. വിശ്വാസം നേടിയെടുക്കാൻവേണ്ടി പണം അയച്ചെന്നു കാണിക്കുന്ന വ്യാജരേഖകളും ഫോട്ടോയും അയച്ചുനൽകും.
ആർബിഐ ഓഫീസറാണെന്ന് പറഞ്ഞായിരിക്കും പിന്നീട് വിളിക്കുക. പണം എത്തിയിട്ടുണ്ടെന്നും വിദേശ കറൻസിയിൽ നിന്ന് ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ വേണ്ടി പണം ആവശ്യമുണ്ടെന്നും പറയും. പണം ലഭിച്ചുകഴിഞ്ഞാൽ പിന്നീട് വിളിക്കുന്നത് ആദായനികുതി വകുപ്പിൽ നിന്നാണണെന്ന വ്യാജേനയാണ്. നികുതി അടയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ട്.
മൂന്നാം ഘട്ടത്തിൽ ഡെലിവറി ചാർജ് ആവശ്യപ്പെടും. ഈ തുകയെല്ലാം ഓൺലൈനിലൂടെ ലഭിച്ചുകഴിഞ്ഞാൽപ്പിന്നെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ കേരളത്തിൽ വൻ തോതിലാണ് കണ്ടുവരുന്നത്. ജംധാരയിലുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കേസിന്റെ തുടരന്വേഷണം സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ഏൽപ്പിക്കുമെന്ന് എറണാകുളം റൂറൽ എസ് പി കാർത്തിക് വ്യക്തമാക്കി.
















Comments