ന്യൂഡൽഹി: പബ്ജി ഗെയിം ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പബ്ജി കോർപ്പറേഷനാണ് ‘പബ്ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണിതെന്നും കമ്പനി വ്യക്തമാക്കി.
പുതിയ ഗെയിം പൂർണമായും പ്രാദേശിക ചട്ടങ്ങൾ പാലിച്ചുള്ളതും ഉപയോക്താക്കൾക്ക് ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതുമായിരിക്കുമെന്ന് പബ്ജി കോർപ്പറേഷൻ അറിയിച്ചു. ഡേറ്റ സുരക്ഷിതമാണെന്ന് നിരന്തരം ഉറപ്പ് വരുന്നു. ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം ഇന്ത്യയിലെത്തുക. ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, വിർച്വൽ സ്റ്റിമുലേഷൻ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റമുണ്ട്.
പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനം കൈകാര്യം ചെയ്തിരുന്ന ടെൻസെന്റ് ഗെയിംസുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ പൂർണമായും അവസാനിപ്പിച്ചിരുന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല. പുതിയ പബ്ജി അവതരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.
സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ചൈനീസ് കമ്പനിയായ ടെൻസെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്.
Comments