ന്യൂയോര്‍ക്ക: ആഗോള പരിസ്ഥിതി സംരക്ഷണത്തിലെ ഇരട്ടത്താപ്പിനെ ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തില്‍ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. വികസിത രാജ്യങ്ങളുടെ നയവ്യതിയാനങ്ങള്‍ക്കും അലംഭാവത്തിനും കൊറോണ വ്യാപനം ഒരു മറയാക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ്്. തിരുമൂര്‍ത്തിയാണ് വിഷയം അവതരിപ്പിച്ചത്.
ഐക്യരാഷ്‌ട്ര പൊതുസഭയുടെ 75-ാം സെക്ഷന്റേയും ജി-77 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടേയും സംയുക്ത സമ്മേളനത്തിലാണ് ഇന്ത്യ പരിസ്ഥിതി വിഷയത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചത്. പൊതു പാരിസ്ഥിതിക വിഷയങ്ങളെ ചേര്‍ത്തുള്ള സമഗ്രപദ്ധതിക്ക് പകരം ചിലതിനെ മാത്രം തുറന്നുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വികസിത രാജ്യങ്ങളുടെ നയങ്ങളെ ഉദാഹരണസഹിതം ഇന്ത്യ ചൂണ്ടിക്കാട്ടി.
2030 വരെയുള്ള കര്‍മ്മപദ്ധതി തീരുമാനിക്കപ്പെട്ട പാരീസ് ഉടമ്പടിയിലാണ് ഇന്ത്യ വിശ്വാസമര്‍പ്പിക്കുന്നത്. വികസനത്തിന്റെ അടിത്തറ തീരുമാനിക്കപ്പെട്ട പാരീസ് ഉടമ്പടിയാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. വികസിത രാജ്യങ്ങളാണ് ഇത്തരം ഉടമ്പടികളെ സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും തിരുമൂര്‍ത്തി പറഞ്ഞു. വികസ്വര രാജ്യങ്ങള്‍ ദശാബ്ദങ്ങളായി കെട്ടിപ്പടുത്ത സാമ്പത്തിക ഭദ്രതയെല്ലാം കൊറോണമൂലം തകര്‍ന്നിരിക്കുകയാണ്. അത്തരം രാജ്യങ്ങളെ കോര്‍ത്തിണക്കി ദാരിദ്ര്യത്തിലേക്ക് വീണ് കോടിക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള ബാദ്ധ്യതയും ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഊര്‍ജ്ജമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ഇന്ത്യ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. ഇന്ത്യ സൗരോര്‍ജ്ജരംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളും അതുമൂലം കൈവരിക്കുന്ന സ്വയം പര്യാപ്തതയും യോഗത്തില്‍ അവതരിപ്പിച്ചു.
















Comments