ലണ്ടൻ: ദീര്‍ഘനാളത്തെ അന്താരാഷ്‌ട്ര മത്സരത്തിനായുള്ള സ്‌കോട്ട്‌ലാന്റിന്റെ കാത്തിരിപ്പിന് വിരാമമായി. 2021 യൂറോ കപ്പിനായിട്ടാണ് സ്‌കോട്ടലാന്റിന് യോഗ്യത ലഭിച്ചത്. സെര്‍ബിയക്കെ തിരെ നിശ്ചിത സമയത്ത് 1-1ന് സമനില വഴങ്ങേണ്ടിവന്ന സ്‌കോട്ട്‌ലാന്റ് 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ട് വഴിയാണ് ചരിത്ര നേട്ടം കൈവരിച്ചത്. മറ്റ് മത്സരങ്ങളില്‍ ജോര്‍ജ്ജിയയെ തോല്‍പ്പിച്ച വടക്കന്‍ മെസേഡോണിയയും ഹംഗറിയും സ്ലോവാക്യയും യോഗ്യത നേടി.
കൊറോണ കാലം അവസാനിക്കുന്ന മുറയ്‌ക്ക് 2021 ജൂണ്‍-ജൂലൈ മാസങ്ങളിലാണ് യൂറോ കപ്പ് ഇനി നടക്കാന്‍ സാധ്യത. 1998ന് ശേഷം ഒരിക്കല്‍പോലും യോഗ്യത നേടാന്‍ സാധിക്കാതിരുന്ന സ്‌കോട്ടലാന്റ് ടീമിന് ചരിത്രനേട്ടമാണ് ഇന്നലത്തെ കൈവന്നത്. പത്തുതവണ പരിശ്രമിച്ചിട്ടും അവസാന നിമിഷം യോഗ്യത നഷ്ടപ്പെട്ടതിന്റെ നിരാശയാണ് ഇന്നലെ വിട്ടൊഴിഞ്ഞത്.
സ്റ്റീവ് ക്ലാര്‍ക്കിന്റെ നായകത്വത്തിലിറങ്ങിയ ടീം 52-ാം മിനിറ്റിലാണ് ലീഡ് നേടിയത്. സെൽറ്റിക് താരം റയാൻ ക്രിസ്റ്റിയാണ് ടീമിനായി ഗോള് നേടിയത്. എന്നാല്‍ ലൂക്ക ജോവിച്ചിലൂടെ സെര്‍ബിയ 90-ാ മിനിറ്റില്‍ സമനില പിടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌കോട്ട്‌ലാന്റ് ഗോളി ഡേവിഡ് മാര്‍ഷല്ലിന്റെ അവസാന ശ്രമമാണ് ഫലം കണ്ടത്. അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ കിക്ക് തടഞ്ഞതോടെ ആളൊഴിഞ്ഞ ഗ്യാലറികളെ നോക്കി സ്‌കോട്ട്‌ലാന്റ് താരങ്ങള്‍ സന്തോഷം പങ്കുവെച്ചു. യൂറോ കപ്പില്‍ ഇനി ഇംഗ്ലണ്ടും ചെക് റിപ്പബ്ലിക്കും കൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് സ്‌കോട്ടലാന്റും ഇനി കളിക്കാനിറങ്ങുക.
Comments