തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെ രൂക്ഷമായ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോർട്ട് അട്ടിമറിയുടെ ഭാഗമാണ്. കിഫ്ബിയെ തകർക്കാൻ ബിജെപിയും കോൺഗ്രസും രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്താണ് കിഫ്ബി കരട് റിപ്പോർട്ട് അട്ടിമറിയുടെ ഭാഗമെന്ന് മന്ത്രി ആരോപിച്ചത്. മസാല ബോണ്ട് അടക്കമുള്ള വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോർട്ടാണ് ആക്ഷേപത്തിന് അടിസ്ഥാനം. കിഫ്ബി സർക്കാരല്ല, കോർപ്പറേറ്റ് ബോഡിയാണെന്നും അതുകൊണ്ട് വായ്പയുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ബാധകമല്ലെന്നും സർക്കാർ വിശദീകരിക്കുന്നു.
ഭരണഘടനാ വിരുദ്ധമെന്നുള്ള കണ്ടെത്തലുകൾ ഓഡിറ്റ് വേളയിൽ ഒരിക്കൽ പോലും ഉന്നയിക്കപ്പെടാത്തതാണ്. റിപ്പോർട്ടിൽ ഇവ ഇടംപിടിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണ്. ബിജെപി നേതാവിന് വേണ്ടി ഹാജരായത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണ്. തൃശൂരിൽ വച്ച് കൂടിയാലോചന നടത്തിയവരെ കുറിച്ചറിയാമെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ നേരിടുന്നതിന് സമാനമായി സിഎജി നീക്കത്തേയും പ്രതിരോധിക്കാനാണ് സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments