മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് ഒത്തുതീർപ്പായിട്ടില്ലെന്ന് യുവതിയുടെ കുടുംബം. വിവാഹ വാഗ്ദാനം നൽകി പറ്റിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും കാണിച്ച് ബിഹാർ സ്വദേശി നൽകിയ പരാതിയിൽ ഈ മാസം മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചേക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നൽകിയ ഹർജി കോടതി പരിഗണിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് പുതിയ റിപ്പോർട്ട്. കുഞ്ഞിന്റെ പിതൃത്വം തെളിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ബിനോയ് ഫലം കോടതിയിൽ സമർപ്പിച്ചിട്ടില്ല.
ബിനോയ്‌ക്കെതിരെ ബിഹാർ സ്വദേശിനി 2019 ജൂണിലാണ് പരാതി നൽകിയത്. തന്നെ ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തന്റെ കുട്ടിയുടെ പിതാവാണെന്നുമാണ് യുവതിയുടെ ആരോപണം. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പോലീസ് കീഴ്‌കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ ഡിഎൻഎ ഫലം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ഡിഎൻഎ ഫലം രജിസ്ട്രാറുടെ പക്കൽ രഹസ്യരേഖയായി സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.
മുബൈയിലെ ബാറിൽ ഡാൻസറായിരുന്ന തന്നെ അവിടെ പതിവായെത്തിയ ബിനോയ് പരിചയപ്പെട്ടെന്നും എന്നാൽ താൻ ഗർഭിണിയായതോടെ മുംബൈയിൽ നിന്നും മടങ്ങിയെന്നുമാണ് യുവതിയുടെ ആരോപണം. ആദ്യം തന്നെ ചെലവുകൾ നോക്കിയിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞു മാറി. ഇതിനു ശേഷം അന്വേഷിച്ചപ്പോഴാണ് ബിനോയിയുടെ വിവാഹം നടന്നതായി അറിഞ്ഞതെന്നും യുവതി പരാതിയിൽ പറയുന്നു.
Comments