തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശു സൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കുട്ടികൾക്ക് ഏത് സമയത്തും നിർഭയരായി പരാതി നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരളാ പോലീസ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ കുട്ടികൾക്ക് സന്തോഷകരമായി സമയം ചെലവഴിക്കാൻ ലക്ഷ്യമിട്ടാണ് 2006ൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്ന ആശയം പ്രാവർത്തികമാക്കിയത്. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികൾക്കും സമൂഹത്തിനും അവരോടുളള അകൽച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങൾക്ക് കഴിയുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി.
നിലവിൽ 85 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങൾ നിലവിലുളളത്. മൂന്ന് മാസത്തിനുളളിൽ 12 പോലീസ് സ്റ്റേഷനുകളിൽ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments