ന്യൂഡൽഹി: ഗെയിമിംഗ് ആരാധകർക്കിടിയിലെ പ്രിയപ്പെട്ട താരമാണ് പബ്ജി. ഇന്ത്യയിൽ പബ്ജി തിരിച്ചുവരുന്നു എന്ന വാർത്ത അതിന്റെ നിർമ്മാതാക്കളായ പബ്ജി കോർപ്പും, ക്രാഫ്റ്റ്‌ടോണും സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിന്റെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പബ്ജി കോർപ്പറേഷൻ. പബ്ജി മൊബൈൽ ഇന്ത്യ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലാണ് വീഡിയോ എത്തിയിരിക്കുന്നത്.
കോമിക് രീതിയിലാണ് പബ്ജിയുടെ തിരിച്ചുവരവ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. നിങ്ങളുടെ ആവേശം പോയോ, ത്രില്ല് പോയോ, നിങ്ങൾ ചിക്കൻ ഡിന്നർ മിസ് ചെയ്യുന്നുണ്ടോ എന്നാണ് മൂന്ന് യുവാക്കളെ വച്ച് ടീസറിൽ ചോദിക്കുന്നത്.
പബ്ജി കോർപ്പറേഷനാണ് ‘പബ്ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണിതെന്നും കമ്പനി വ്യക്തമാക്കി. സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇതോടെ പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനം കൈകാര്യം ചെയ്തിരുന്ന ടെൻസെന്റ് ഗെയിംസുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ പൂർണമായും അവസാനിപ്പിച്ചിരുന്നു.
പുതിയ പബ്ജി അവതരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രം പബ്ജി വിലക്കിയത്. പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ചൈനീസ് കമ്പനിയായ ടെൻസെന്റായിരുന്നു.
Comments