കൊൽക്കത്ത : കാളീപൂജയിൽ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി . നവംബർ 12 ന് കൊൽക്കത്തയിൽ നടന്ന കാളി പൂജയാണ് ഷക്കീബ് അൽ ഹസൻ ഉദ്ഘാടനം ചെയ്തത് . ഒപ്പം കിഴക്കൻ കൊൽക്കത്തയിലെ കങ്കുർഗാച്ചിയിൽ അമ്ര ഷോബായ് ക്ലബിന്റെ ശ്യാമ പൂജയും നിലവിളക്ക് കൊളുത്തി ഷക്കീബ് ഉദ്ഘാടനം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി തീവ്ര ഇസ്ലാമിസ്റ്റുകൾ ഷക്കീബിനെതിരെ വധഭീഷണി മുഴക്കിയത് . ഫെയ്സ്ബുക്ക് ലൈവിലൂടെ വധഭീഷണി ഉയർത്തിയത് ബംഗ്ലാദേശിലെ സിൽഹെറ്റിലെ തുക്കർബസാർ യൂണിയനിലെ ഷാപൂരിൽ നിന്നുള്ള മൊഹ്‌സിൻ താലൂക്ക്ദാറാണെന്ന് കണ്ടെത്തി .
പൂജാ മണ്ഡപത്തിന്റെ ഉദ്ഘാടനത്തിലൂടെ മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിനാൽ ഷക്കീബിനെ കൊല്ലണമെന്നാണ് വീഡിയോയിൽ മൊഹ്‌സിൻ ആഹ്വാനം ചെയ്തത്. ഒപ്പം മുസ്ലീങ്ങളോട് ഷക്കീബ് മാപ്പ് പറയണമെന്നും മൊഹ്സീൻ ആവശ്യപ്പെട്ടിരുന്നു .
വധഭീഷണി മുഴക്കി അല്പസമയത്തിനകം മൊഹ്സിൻ വീണ്ടും ഫെയ്സ്ബുക്ക് ലൈവിൽ വരുകയും വധഭീഷണി ഉയർത്തിയതിനു മാപ്പ് ചോദിക്കുകയും ചെയ്തു. അതേ സമയം വീഡിയോ ലിങ്ക് സൈബർ ഫോറൻസിക് ടീമിന് കൈമാറിയതായും ,നിയമ നടപടി കൈക്കൊള്ളുമെന്നും സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ബി.എം. അഷ്‌റഫ് ഉല്ലാ താഹർ പറഞ്ഞു.
Comments