ന്യൂഡൽഹി : ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പു വഴക്ക് ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ മുതിർന്ന നേതാവ് കപിൽ സിബലിനെ വിമർശിച്ച് ലോക്സഭ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. നേതൃത്വത്തിനെതിരെ വെറുതെ വിമർശനമുന്നയിക്കാതെ മറ്റൊരു പാർട്ടിയിൽ ചേരുകയോ സ്വന്തം പാർട്ടി തുടങ്ങുകയോ ആണ് ചെയ്യേണ്ടതെന്ന് ചൗധരി സിബലിന്റെ പേരു പരാമർശിക്കാതെ തുറന്നടിച്ചു.
സോണിയയോടും രാഹുലിനോടും അടുത്തു നിൽക്കുന്നവരാണ് പരസ്യമായി കാര്യങ്ങൾ പറയുന്നത്. ഇത്തരം ആളുകൾക്ക് നേരിട്ട് നേതൃത്വത്തോട് ഇതൊക്കെ പറയാൻ കഴിയും. പക്ഷേ അവർ പരസ്യമായി വിഴുപ്പലക്കുകയാണ്. ചൗധരി ചൂണ്ടിക്കാട്ടി. ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇവരൊക്കെ എവിടെയായിരുന്നെന്നും ചൗധരി ചോദിച്ചു. അത്രത്തോളം ആത്മാർത്ഥതയുണ്ടെങ്കിൽ ഗ്രൗണ്ടിലിറങ്ങി പണിയെടുക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് സിബൽ ഉന്നയിച്ചത്.ജനങ്ങളുടെ വിശ്വാസം നേടാൻ കോൺഗ്രസിന് കഴിയുന്നില്ല. രാജ്യത്ത് ഒരിടത്തും ജനങ്ങൾ കോൺഗ്രസിനെ ബദലായി കാണുന്നില്ല. പരാജയം സംഭവിച്ചിട്ടും നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ല. അതിനാൽ തന്നെ തന്റെ ആശങ്ക പരസ്യമാക്കുകയാണെന്നും കബിൽ സിബൽ വ്യക്തമാക്കി.
















Comments