കുത്തേറ്റാൽ മരണത്തിനു വരെ കാരണമാകുന്ന ‘ബ്ലൂ ബോട്ടിൽ’ എന്നറിയപ്പെടുന്ന ജെല്ലിഫിഷുകൾ കടലിൽ നിറയുന്നതായി റിപ്പോർട്ട് . ഗോവയിലെ ബാഗ മുതൽ സിൻക്വെറിം വരെയുള്ള ബീച്ചുകളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത് . നോർത്ത് ഗോവയിലെ പ്രശസ്ത ബീച്ചായ സിൻക്വെറിമിൽ ചിലർക്ക് ഇവയുടെ കുത്തേൽക്കുക കൂടി ചെയ്തതോടെ ടൂറിസം വകുപ്പ് വിനോദസഞ്ചാരികള്‍ക്കായി മുന്നറിയിപ്പും നൽകി.
ബ്ലൂ ബോട്ടിലുകളുടെ കുത്തേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സർക്കാർ നോട്ടിസ് ഇറക്കിയിട്ടുണ്ട്. ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയില്‍ നിന്നുപോലും വിഷാംശമേല്‍ക്കാനുളള സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം.അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്.
ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്.
കുത്തേറ്റാലുടൻ ശരീരത്തിന് പരമാവധി താങ്ങാവുന്നിടത്തോളം ചൂടിലുള്ള വെള്ളം കൊണ്ട് മുറിവു കഴുകണം. സോഡയോ നാരങ്ങാനീരോ ഉപ്പുവെള്ളമോ ഒരുകാരണവശാലും മുറിവിൽ പ്രയോഗിക്കരുത്. പകരം മുറിവിൽ വിനാഗരി ഉപയോഗിച്ച് തുടർച്ചയായി തുടയ്‌ക്കുകയോ സ്പ്രേ ചെയ്യുകയോ വേണം.നെഞ്ചുവേദനയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം. ഗോവയിലെ പ്രാഥമിക ഹെൽത്ത് സെന്ററുകളിലെല്ലാം ബ്ലൂ ബോട്ടിലുകളുടെ ആക്രമണത്തിനെതിരെയുള്ള ശുശ്രൂഷാസംവിധാനങ്ങളുണ്ട്.
Comments