ന്യൂഡൽഹി: മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ട 10 ഭീകരർക്കായി പാകിസ്താനിൽ പ്രാർത്ഥനാ യോഗം. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദ്ദ്വയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുംബൈ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്താൻ ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ പാകിസ്താന്റെ കാപട്യമാണ് വ്യക്തമാക്കുന്നത്.
പാകിസ്താനിലെ സഹിവാളിൽ ആണ് ജമാഅത്ത് ഉദ്ദ്വ പ്രാർത്ഥനാ യോഗം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തായ്‌ബ എന്ന തീവ്രവാദ സംഘടനയുടെ രാഷ്‌ട്രീയ മുഖമാണ് ജമാഅത്ത് ഉദ്ദ്വ. സംഘടനയിലെ തീവ്രവാദികളോട് ഈ പരിപാടിയിൽ പങ്ക് ചേരാൻ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. കുപ്രസിദ്ധ തീവ്രവാദിയായ ഹാഫിസ് സയീദ് ആണ് പരിപാടിയ്‌ക്ക് നേതൃത്വം നൽകുന്നത്.
വെടിയൊച്ചകൾ നിലയ്‌ക്കാത്ത ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിലാണ് ഇന്ന് ഇന്ത്യയും. കടൽ കടന്നെത്തിയ 10 പാക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി ഭീകരാക്രമണം നടത്തിയ ദിനം ചരിത്രത്തിൽ 26/11 എന്ന് രേഖപ്പെടുത്തി. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. എ കെ 47 തോക്കുകളും, ഗ്രനേഡുകളും, വൻ ആർ ഡി എക്സ് ശേഖരവുമായി മുംബൈയുടെ തെരുവുകൾ അവർ പിടിച്ചെടുത്തപ്പോൾ ജീവൻ നഷ്ടമായത് 166 പേർക്ക്, പരിക്കേറ്റത് 500 ലേറെ പേർക്കും. മൂന്നു ദിവസങ്ങളാണ് മുംബൈ നഗരം ഭീകരർ കീഴ്പ്പെടുത്തിയത്.
ലക്ഷക്കണക്കിന് യാത്രികർ ദിവസം തോറും എത്തുന്ന സിഎസ്ടി റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്.
















Comments