ഹൈദരാബാദ് : രേഖാമൂലം ആവശ്യപ്പെട്ടാൽ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുടിയൊഴിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . റോഹിംഗ്യകൾ ഹൈദരാബാദിൽ അനധികൃതമായി താമസിക്കുന്നുണ്ടെങ്കിൽ ആഭ്യന്തരമന്ത്രി എന്തു ചെയ്യുമെന്ന ഒവൈസിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ.
പാർലമെന്‍റിൽ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം ആരാണ് അവരുടെ പക്ഷത്താകുന്നതെന്നും ചോദിച്ചു. ആളുകൾക്ക് അത് അറിയാമെന്നും അവർ ടി.വിയിൽ എല്ലാം കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
‘ഞാൻ നടപടിയെടുക്കുമ്പോൾ, അവർ പാർലമെന്‍റിൽ കോലാഹലം സൃഷ്ടിക്കുന്നു. അദ്ദേഹം എത്ര ഉച്ചത്തിൽ നിലവിളിക്കുന്നുവെന്ന് നിങ്ങൾ കണ്ടില്ലേ? ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം നൽകാൻ അവരോട് പറയുക. എങ്കിൽ ഞാൻ വേണ്ടത് ചെയ്യും’ – അമിത് ഷാ പറഞ്ഞു.
‘നിസാം സംസ്കാരത്തിൽ നിന്ന് ഞങ്ങൾ ഹൈദരാബാദിനെ മോചിപ്പിക്കുകയും ജനാധിപത്യ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ആധുനിക നഗരം നിർമ്മിക്കാൻ പ്രവർത്തിക്കുകയും ചെയ്യും. രാജവംശ രാഷ്‌ട്രീയത്തിൽ നിന്ന് ഞങ്ങൾ ഹൈദരാബാദിനെ മാറ്റും’ -അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് മേയർ ബി.ജെ.പിയിൽ നിന്നാകുമെന്ന് ആത്മവിശ്വാസമുണ്ട്. ബി.ജെ.പിയ്‌ക്ക് വളരെയധികം പിന്തുണ നൽകിയതിന് ഹൈദരാബാദ് ജനങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
















Comments