ന്യൂഡല്‍ഹി: കടലിലെ സുരക്ഷയ്‌ക്ക് കരുത്തുകൂട്ടി ഇന്ത്യന്‍ നാവികസേന. കരയില്‍ നിന്നും കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ഇന്ത്യന്‍ നാവിക സേന പരീക്ഷിച്ചത്. ആന്തമാന്‍ നിക്കോബാറിലെ നാവിക കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ സ്ഥിരം പരിശീലനത്തിന്റെ ഭാഗമായാണ് കരസേനയുമായി ചേര്‍ന്ന് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് നാവികസേനാ വക്താവ് അറിയിച്ചു.
ഈ ആഴ്ചയുടെ തുടക്കത്തില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെയാണ് കപ്പല്‍വേധ മിസൈല്‍ പരീക്ഷണവും ഇന്ത്യ നടത്തിയത്. ഇന്ത്യന്‍ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് ഇന്ന് പരീക്ഷണം വിജയകരമാക്കിയത്. നിലവിലെ 250 കി.മീ ദൂരം താണ്ടുന്നതിന്റെ ശക്തികൂട്ടിയ വിഭാഗം 400 കി.മീ ദൂരത്തേയ്‌ക്ക് പായിച്ച് കരസേന പരീക്ഷണം നടത്തിയിരുന്നു. ബ്രഹ്മോസിനെ എല്ലാ സേനാ വിഭാഗങ്ങളുടേയും ആവശ്യമനുസരിച്ച് ശക്തി കൂട്ടിയും കുറച്ചും പരീക്ഷണം നടത്തി ഡി.ആര്‍.ഡി.ഒ ഗവേഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കരസേനയ്‌ക്കും തുടര്‍ന്ന് നാവികസേനയ്‌ക്കുമായി പരീക്ഷണം നടത്തിയതെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു.
















Comments