കണ്ണൂര്‍: കെ.എസ്.എഫ്.ഇ. റെയ്ഡ് സിപിഎംലും മന്ത്രിസഭയിലും വാക് പോര് തുടരുന്നു. മന്ത്രി ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും പിന്നാലെ വ്യവസായമന്ത്രി ഇ.പി. ജയരാജനും പ്രതികരണവുമായി രംഗത്തെത്തി . എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനപ്പുറം ഒരു കാര്യവുമില്ലെന്നും ജയരാജൻ പ്രതികരിച്ചു. കണ്ണൂരിലായിരുന്നു മന്ത്രിയുടെ പ്രതികരണം .
എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ലെന്നും റെയ്ഡ് എന്നു പറഞ്ഞാല്‍ റെയ്ഡ് ആകുമോ എന്നും അദ്ദേഹം ആരാഞ്ഞു. അക്കാര്യങ്ങളൊക്കെ ഇന്നലെ മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി കഴിഞ്ഞു. അതോടെ സംഗതി ക്ലിയറായി. അതില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ അതുതന്നെ അവസാന വാക്ക്- ജയരാജന്‍ പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളെ കുറ്റപ്പെടുത്താനും ജയരാജൻ മറന്നില്ല. യു.ഡി.എഫുകാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും അതുകൊണ്ടാണ് ഒരോദിവസവും രാവിലെ പത്രസമ്മേളനം വിളിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു. പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ തോന്നിയതാണ് വിളിച്ചു പറയുന്നത് അതിനോടൊന്നും പ്രതികരിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങള്‍ക്കിടയിലേക്ക് പോകാമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
റെയ്ഡിൽ ആര്‍ക്കും ഒരു അസംതൃപ്തിയുമില്ലെന്നാണ് ജയരാജൻ പറഞ്ഞത്. ചിലപ്പോള്‍ രമേശ് ചെന്നിത്തലയ്‌ക്ക് അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെ എന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
















Comments