തൃശൂര്‍: തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ സിപിഎം-യുഡിഎഫ് ധാരണ ഉണ്ടായതായി ബിജെപി. സ്ഥാനാര്‍ത്ഥിയുടെയോ ബിജെപിയുടെയോ കുറവുകൊണ്ടല്ല ബി ഗോപാലകൃഷ്ണന് പരാജയപ്പെട്ടതെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാര്‍ പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫും യുഡിഎഫും അവിശുദ്ധ ബന്ധം ഉണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന കുട്ടന്‍കുളങ്ങര ഡിവിഷന്, രണ്ടാം വാര്‍ഡിലായിരുന്നു ബി. ഗോപാലകൃഷ്ണന് ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷിന് 1350 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബി. ഗോപാലകൃഷ്ണന് 1159 വോട്ടുകള്‍ ലഭിച്ചു. വാര്‍ഡില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് മറിച്ചതായി വോട്ടെടുപ്പിന് പിന്നാലെ ബി. ഗോപാലകൃഷ്ണന് ആരോപിച്ചിരുന്നു.
ആറ് സീറ്റുകള്‍ തന്നെയാണ് ബിജെപിക്ക് ഇക്കുറിയും തൃശൂര്‍ കോര്‍പ്പറേഷനില്‍ ലഭിച്ചത്. തേക്കിന്‍കാട്, പൂങ്കുന്നം, പാട്ടുരയ്ക്കല്‍, അയ്യന്തോള്‍, കൊക്കലായ്, കോട്ടപ്പുറം എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.
കുട്ടന്‍കുളങ്ങരയില്‍ എല്‍ഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം നടന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ആരോപിച്ചു.
Comments