തിരുവനന്തപുരം : കോട്ടയത്തെ വിജയം ജോസ് കെ മാണി വന്നതുകൊണ്ടാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കേണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇത് ഈ ആളിന്റെ വിജയം അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിയെ ഒപ്പം കൂട്ടിയതുകൊണ്ടല്ലേ എൽ ഡി എഫ് വിജയിച്ചതെന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇത് നേരത്തെ തന്നെ മുന്നിൽക്കണ്ട വിജയമാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അർത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്റേതായ അർത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്നുമുണ്ട് – ബിനോയ് വിശ്വം പറഞ്ഞു.
കോട്ടയത്തെ സീറ്റ് വിഭജനത്തില്‍ സിപിഎം ജോസ് കെ മാണി വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് സിപിഐയുടെ പരസ്യമായ എതിര്‍പ്പിലേക്ക് നയിച്ചിരുന്നു. എല്‍ഡിഎഫിലെ രണ്ടാം കക്ഷിയെന്ന മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്ന ആശങ്ക സിപിഐയുടെ പ്രതികരണങ്ങളില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. കോട്ടയത്തെ വിജയം ജോസ് കെ മാണി വിഭാഗത്തിന്റെ മികവാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്
















Comments