സൂറിച്ച്: ലോകഫുട്‌ബോളിലെ മികച്ചതാരമായി റോബർട്ട് ലെവൻഡോവസ്‌കിയെ തെരഞ്ഞെടുത്തു. ഫിഫയുടെ ഏറ്റവും മികച്ച ഫുട്‌ബോൾ ബഹുമതിയാണ് ബയേൺ മ്യൂണിച്ചിന്റെ സൂപ്പർതാരത്തെ തേടിയെത്തിയത്. ബാഴ്‌സലോണയുടെ ലയണൽ മെസ്സിയേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോവിനേയും മറികടന്നാണ് പോളിഷ് താരത്തിന്റെ നേട്ടം.
ആഗോള തലത്തിലെ കഴിഞ്ഞ ഒരു വർഷത്തെ പ്രകടത്തിൽ ലെവൻഡോവ്‌സ്‌കി 55 ഗോളുകളാണ് 47 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത്. 32കാരനായ ലെവൻഡോവ്‌സ്‌കി ലീഗിലും ചാമ്പ്യൻസ് ലീഗിലും ടോപ് സ്‌കോററായിരുന്നു. ഈ സീസണിൽ മാത്രം 14 മത്സരങ്ങളിലായി 16 ഗോളുകൾ ബയേണിനായി ലെവൻഡോവ്‌സ്‌കി നേടിക്കഴിഞ്ഞു.
ഇത്രയും വലിയയൊരു ബഹുമതി അതും മെസ്സിയ്‌ക്കും റൊണാൾഡോയ്‌ക്കുമൊപ്പം നേടുക യെന്നത് ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും പോളിഷ് താരം പറഞ്ഞു. ആഗോളതലത്തിലെ എല്ലാ ദേശീയ ടീമുകളുടെ നായകന്മാരും പരിശീലകരും 200 മാദ്ധ്യമ പ്രതിനിധികളും ചേർന്നാണ് പ്രമുഖ താരങ്ങളെ കണ്ടെത്തിയത്.
വനിതകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ലൂസി ബ്രോൺസാണ് താരം. പരിശീലകരിൽ ലിവർ പൂളിന്റെ ജുർഗൻ ക്ലോപ്പിനെയാണ് തെരഞ്ഞെടുത്തത്. തുടർച്ചയായി രണ്ടാം വർഷമാണ് ക്ലോപ്പിന് ബഹുമതി ലഭിക്കുന്നത്. ഗോൾകീപ്പർമാരിലും ബയേണിനാണ് ബഹുമതിലഭിച്ചത്. ബയേണിന്റെ ന്യൂയറാണ് മികച്ച ഗോളി. മത്സരിച്ചത് അത്‌ലറ്റികോ മാഡ്രിഡിന്റെ ജാൻ അബലാകും ലിവർപൂളിന്റെ അലിസണുമാണ്.
പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത 10 പേരിൽ നിന്നാണ് മെസി, റൊണാൾഡോ, ലെവൻഡോസ്‌കി എന്നിവർ അവസാന മൂന്നിൽ സ്ഥാനം പിടിച്ചത്. കെവിൻ ഡിബ്രുയ്നെ, സാദിയോ മാനെ, കീലിയൻ എംബാപ്പെ, നെയ്മർ എന്നിവർ ആദ്യ 10ൽ ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ ലെവൻഡോവ്സ്‌കി യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു. ബയേണിന് വേണ്ടി ജർമ്മൻ കപ്പും ജർമ്മൻ ലീഗും ഒപ്പം ചാമ്പ്യൻസ് ലീഗും അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ തവണ മെസിയാണ് ജേതാവായത്. 2016ലാണ് ഫിഫ ദി ബെസ്റ്റ് എന്ന പേരിൽ പുരസ്‌കാരം നൽകാനാരംഭിച്ചത്.
















Comments