ന്യൂഡൽഹി : ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത വിഘടന വാദി നേതാവിനും കൂട്ടാളികൾക്കും മേൽ രാജ്യദ്രോഹകുറ്റം ചുമത്തും. ജമ്മു കശ്മീരിലെ നിരോധിത സംഘടനയായ ദുക്തരൻ ഇ മിലാത് നേതാവ് ആസിയ അന്ദേർബി സഹായികളായ സോഫി ഫെഹ്മീദ, നാഹിദ നസ്രീൻ എന്നിവർക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തുന്നത്. ഡൽഹി പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
ജഡ്ജി പർവീൺ സിംഗാണ് യുഎപിഎ നിയമം കൂടി മൂന്ന് പേർക്കുമെതിരെ ചുമത്താൻ നിർദ്ദേശിച്ചത്. ഇതിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 121, 121 എ, 124 എ, 153 എ, 153 ബി, 505 എന്നീ വകുപ്പുകൾ ചുമത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇവർ നിയമപ്രകാരമുള്ള വിചാരണ നേരിടണമെന്നും പർവീൺ സിംഗ് വ്യക്തമാക്കി. യുഎപിഎ നിയമത്തിലെ സെക്ഷൻ 16, 20, 38, 39 എന്നീ വകുപ്പുകൾ ചുമത്തണമെന്നാണ് നിർദ്ദേശം.
പാകിസ്താനെ അനുകൂലിക്കുകയും, ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സംഭവത്തിൽ 2018 ഏപ്രിലിലാണ് അന്ദേർബിയെയും കൂട്ടാളികളെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ത്യയുടെ പരമാധികാരവും, അഖണ്ഡതയും തകർക്കാൻ അന്ദേർബിയും കൂട്ടാളികളും ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















Comments