പട്ന : കൊറോണ വാക്സിൻ നൽകുന്നതിന് വിപുലമായ തയ്യാറെടുപ്പ് നൽകി ബീഹാർ സർക്കാർ. വാക്‌സിൻ നൽകാൻ തയ്യാറെടുത്തിരിക്കുന്ന കേന്ദ്രങ്ങളെല്ലാം തെരഞ്ഞെടുപ്പ് വോട്ടിംഗ് മാതൃകയിലാണ് തയ്യാറാക്കുന്നത്. തയ്യാറെടുപ്പുകളുടെ മുഴുവൻ വിവരങ്ങളും കേന്ദ്ര ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും മറ്റ് നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ബീഹാർ ആരോഗ്യവകുപ്പറിയിച്ചു.
രണ്ടു ഡോസ് നൽകാനുള്ളത്ര എണ്ണമാണ് ആദ്യം ലഭിക്കുക എന്നും 14 മുതൽ 28 ദിവസം വരെയുള്ള ഇടവേളയിലാണ് വാക്‌സിൻ നൽകുകയെന്നും ബീഹാർ ആരോഗ്യവകുപ്പറിയിച്ചു. ഓരോ കേന്ദ്രങ്ങളും വാർഡ് തിരിച്ചാണ് ഒരുക്കുന്നത്. അതാത് കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്കും പോലീസ്, ധനകാര്യ സ്ഥാപന ജീവനക്കാർക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. എല്ലാവരുടേയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളും സ്ഥാപനത്തിന്റെ രേഖകളും ഒത്തു നോക്കിയാണ് വാക്‌സിൻ നൽകുന്നത്.ഒരു കേന്ദ്രത്തിൽ ആദ്യ ഘട്ടത്തിൽ നൂറു പേർക്ക് വീതമാണ് നൽകുക.
രണ്ടാം ഘട്ടത്തിൽ അംഗനവാഡി ജീവനക്കാരേയും സർക്കാർ സംവിധാനത്തിലെ പൊതു സേവന രംഗത്തുള്ളവരേയും ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ അറുപത് വയസ്സുതികഞ്ഞവർക്ക് വാക്‌സിൻ നൽകുമെന്നും കരാർ തൊഴിലാളികളേയും കച്ചവടക്കാരേയും ഈ ഘട്ടത്തിൽ പരിഗണിക്കുമെന്നും ബീഹാർ ആരോഗ്യവകുപ്പറിയിച്ചു. വാക്‌സിനെടുക്കുന്ന വരെ അതാത് വാർഡ് തലത്തിൽ നിരീക്ഷിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
















Comments