ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ ഔദ്യോഗിക കാലാവധി ആരംഭിച്ചു. യു.എൻ. സുരക്ഷാ കൗൺസിൽ ആസ്ഥാനത്തെ 15 പ്രധാന അംഗങ്ങളിലൊ രാളായി ഇന്ത്യ മാറി. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ഇന്ത്യൻ പതാക ഉയർത്തലിന് സാക്ഷ്യം വഹിച്ചു.
ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയുടെ എട്ടാമത് കാലാവധിയാണ് 2021 ജനുവരി മുതൽ ആരംഭിച്ചത്. ഒരു വർഷമാണ് നിലവിലെ കാലാവധി. ആഗോള സുരക്ഷയുടേയും വികസനത്തിന്റെയും ശബ്ദമായി ഇന്ത്യമാറുമെന്ന് ദേശീയ പതാക ഉയർത്തൽചടങ്ങിൽ തിരുമൂർത്തി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ കൗൺസിൽ പ്രവേശനത്തിന് അമേരിക്കയുടെ തെക്ക്-മധ്യേഷ്യൻ മേഖലയുടെ ചുമതല വഹിക്കുന്ന പ്രതിനിധി ആശംസകൾ നേർന്നു.
ഇന്ത്യയുടെ സുരക്ഷാ കൗൺസിലിലെ ചരിത്രം മുമ്പൊരിക്കലും ഇത്രയും ശക്തവും വ്യക്തവുമായിട്ടില്ല. ലോക ശക്തികളുടെ തീരുമാനങ്ങളെ മാത്രം നോക്കി പ്രശ്‌നപരിഹാരം നടത്തിയിരുന്ന സുരക്ഷാ കൗൺസിലിന്റെ നയങ്ങളെ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവർ ശക്തിയുക്തം എതിർത്തതും അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയുടെ ഭീകരവിരുദ്ധ നയങ്ങളോട് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും പിന്തുണ പ്രഖ്യാപിച്ച സാഹചര്യവും പുതിയ വർഷത്തിൽ അനുകൂല ഘടകങ്ങളാണ്. ഇതിനിടെ ഏഷ്യൻ മേഖലയിലെ വിഷയങ്ങളിൽ ഇതുവരെ റഷ്യയും ചൈനയും എടുത്തിരുന്ന ഏകപക്ഷീയ നിലപാടുകളെ ഇനി ഇന്ത്യയുടെ കൂടെ നിലപാടുകൾ സ്വാധീനിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനൊപ്പം മുമ്പെപ്പോഴും റഷ്യ-ചൈന ചേരിക്കൊപ്പം നിന്നിരുന്ന ഇന്ത്യ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയതും സുരക്ഷാ കൗൺസിലിൽ തീരുമാനങ്ങളെ സ്വാധീനിക്കും. ചൈനക്കെതിരായ പ്രതിരോധ നീക്കവും ക്വാഡ് സഖ്യവുമായുള്ള ഇന്ത്യയുടെ പങ്കാളിത്തവും സുരക്ഷാ ദൃഷ്ടിയിലെ ഇന്ത്യയുടെ ശക്തമായ നിലപാടുകളായി മാറിക്കഴിഞ്ഞു.
Comments