ഭോപ്പാൽ : കൊറോണ ലോക്ക്ഡൗൺ കാലത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി സമൂഹ ശ്രദ്ധ നേടിയ ആളുകൾ ഏറെയാണ്. അതുപോലെതന്നെ ഏഴ് ആഴ്ചകൾ കൊണ്ട് 150 രാജ്യങ്ങളെക്കുറിച്ച് പഠിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് പ്രിഷ കെമാനി എന്ന അഞ്ചു വയസുകാരി. ഉജ്ജെയിനിലാണ് സംഭവം. റെക്കോർഡ് നേട്ടം കൈവരിച്ച താരം വേൾഡ് റെക്കോർഡ്‌സ് ഇന്ത്യ ബുക്കിലും ഇടം പിടിച്ചു.
അഞ്ച് വയസുകാരിയായ പ്രിഷയാണ് 150 രാജ്യങ്ങളും അവയുടെ പതാകയും തലസ്ഥാനവും കാണാതെ പറഞ്ഞ് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 4.17 മിനിറ്റിൽ ഇവയെല്ലാം കാണാതെപറഞ്ഞ കൊച്ചു താരം വേൾഡ് റെക്കോർഡ്‌സ് ഇന്ത്യ ബുക്കിലെ യംഗസ്റ്റ് കിഡിസ് അവാർഡും സ്വന്തമാക്കി.
ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് പ്രിഷ രാജ്യങ്ങളെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചത്. നിരവധി രാജ്യങ്ങളുടെ പതാകകൾ കളർ ചെയ്യാൻ തുടങ്ങിയ പ്രിഷ ആ രാജ്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും ആഗ്രഹം പ്രകടിപ്പിച്ചു. രാജ്യങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുത്തപ്പോൾ അത് പെട്ടെന്നുതന്നെ ഈ അഞ്ചു വയസുകാരിക്ക് മസിലാക്കാൻ സാധിച്ചതായി പ്രിഷയുടെ അച്ഛൻ പറഞ്ഞു. പൂനെയിൽ ചാർട്ടേർഡ് അക്കൗണ്ടന്റാണ് പ്രിഷയുടെ അച്ഛൻ.
ഒരോ ആഴ്ചയും ഓരോ ഭൂഖണ്ഡത്തെക്കുറിച്ചാണ് പ്രിഷ പഠിച്ചിരുന്നത്. അങ്ങനെ ഏഴ് ആഴ്ചകൾ കൊണ്ട് 150 രാജ്യങ്ങളെക്കുറിച്ച് പഠിച്ചു. ഭൂമിശാസ്ത്രത്തിൽ താത്പര്യമുള്ള അമ്മയും പ്രിഷയ്‌ക്ക് മികച്ച പിന്തുണയാണ് നൽകി.
ഈ ചെറുപ്രായത്തിൽ തന്നെ ലോകത്തെക്കുറിച്ച് അറിവ് സമ്പാദിക്കുന്ന പ്രിഷ എല്ലാവർക്കും പ്രചോദനമായിരിക്കുകയാണ്. എന്നാൽ രാജ്യങ്ങളെക്കുറിച്ചുള്ള പഠനം ഇവിടെ നിർത്താനും പ്രിഷ തീരുമാനിച്ചിട്ടില്ല. ഇനി എന്താണ് ആഗ്രഹമെന്ന ചോദ്യത്തിന് എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കുന്ന കറൻസി, അവിടുത്തെ ഭാഷ, രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ പേര് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു ആ കൊച്ചു സുന്ദരിയുടെ ഉത്തരം.
Comments