ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികാഘോഷം ഗംഭീരമാക്കാൻ കേന്ദ്രസർക്കാർ. നേതാജിയുടെ 125-ാം ജന്മവാർഷികം വിപുലമായി നടത്താനാണ് പദ്ധതി. മുഖ്യ സംഘാടക സമിതിയുടെ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കുമെന്നാണ് തീരുമാനം. സാംസ്‌കാരിക മന്ത്രാലയമാണ് വകുപ്പുതല ഏകോപനം നടത്തുക.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ പൂർണ്ണരൂപം ഉന്നത തല സമിതി ചേർന്ന് ഉടൻ തീരുമാനിക്കും. ജനുവരി 23നാണ് ആഘോഷങ്ങളുടെ ഔപചാരിക തുടക്കം. സംഘാടക സമിതിയിൽ പ്രമുഖ വ്യക്തികൾ, ചരിത്രകാരന്മാർ, എഴുത്തുകാർ, വിവിധ മേഖലകളിലെ വിദഗ്ധർ, നേതാജിയുടെ കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം നേതാജി രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായ സൈനികരും ഉൾപ്പെടും.
കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എം.പിമാരായ അധീർ രഞ്ജൻ ചൗദ്ധരി, ശരദ് പരവാർ, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി, ഗായകൻ എ.ആർ.റഹ്മാൻ, ബോളിവുഡ് താരം മിഥുൻ ചക്രബർത്തി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
















Comments