ബ്രിസ്‌ബെയൻ: ടീമിന് അനിവാര്യമായ ലീഡ് നൽകുന്നതിന് പകരം അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയ രോഹിത് ശർമ്മയുടെ പുറത്താകലിനെ വിമർശിച്ച് ക്രിക്കറ്റ് താരങ്ങൾ. ആറാം തവണയാണ് രോഹിത് നഥാന്റെ പന്തിൽ പുറത്താകുന്നത്. നാലാം ടെസ്റ്റിൽ ഓസീസിനെ 369ന് പുറത്താക്കിയ ബൗളർമാരുടെ പ്രകടനത്തിന് പിന്തുണ നൽകുന്ന കളിയല്ല രോഹിത് പുറത്തെടുത്തതെന്ന് വിമർശകർ പറയുന്നു. മുൻ നായകൻ സുനിൽ ഗവാസ്‌ക്കർ സമൂഹമാദ്ധ്യമത്തിലൂടെ രൂക്ഷ വിമർശനമാണ് നടത്തിയത്.

‘തീർത്തും അനാവശ്യമായ ഷോട്ടാണ് കളിച്ചത്. ഒരു ഓവറിന് മുൻപ് ബൗണ്ടറി നേടിയതല്ലെ. പിന്നെ എന്തിനാണ് തിടുക്കം കാട്ടിയത്. ലോംഗ് ഓണിലും ഡീപ് സ്‌ക്വയർ ലെഗിലും ഫീൽഡറുള്ളത് കണ്ടതുമല്ലേ. നിങ്ങൾ ഒരു മുതിർന്ന താരമാണെന്നത് മറക്കുന്നു. ഇതിന് ഒരു തരത്തിലും ക്ഷമിക്കാനാകില്ല. തീർത്തും അനാവശ്യമായ ഷോട്ടായിരുന്നു’ ഗവാസ്‌ക്കർ തുറന്നടിച്ചു.
നഥാൻ ലയണിന്റെ സാധാരണപന്തിനെ ഉയർത്തിയടിച്ചാണ് അർദ്ധസെഞ്ച്വറിക്ക് നാല് റൺസകലെ രോഹിത് പുറത്തായത്. സ്റ്റാർക്കാണ് ക്യാച്ചെടുത്തത്. ഗില്ലിനെ തുടക്കത്തിലെ നഷ്ടപ്പെട്ടതിനാൽ തന്നെ ഇന്ത്യക്ക് ശക്തമായ അടിത്തറ ലഭിക്കാൻ രോഹിതിന്റെ മികച്ച ഇന്നിംഗ്‌സ് അനിവാര്യമായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കാഗിസോ റബാഡ രോഹിതിനെ അഞ്ചു തവണ പുറത്താക്കിയ റെക്കോഡാണ് നഥാൻ മറികടന്നത്. മികച്ച സ്‌കോറിലേക്ക് നീങ്ങും എന്ന നല്ല സൂചന നൽകിയ രോഹിതിന്റെ അനവസരത്തിലെ ഷോട്ട് എല്ലാവരേയും ഞെട്ടിച്ചു.
















Comments