ന്യൂഡൽഹി: ഏകതാ പ്രതിമയിലേയ്‌ക്കുള്ള പുതിയ ട്രെയിൻ സർവ്വീസുകൾ വിനോദസഞ്ചാരികൾക്ക് പ്രയോജനപ്രദമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ മേഖലയിൽ നിന്നുമുള്ള റെയിൽ കണക്ടിവിറ്റി കെവാഡിയയിലേക്കെത്തുന്നത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകതാ പ്രതിമയിലേയ്‌ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ട്രെയിൻ സർവീസുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ, വാരണാസി, രേവ, ദാഡാർ, ഡൽഹി എന്നീ നഗരങ്ങളെ കെവാഡിയയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവ്വീസുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. റെയിൽവേയുടെ അടിസ്ഥാന സൗകര്യവികസന സമീപനങ്ങളിൽ ഏതാനും നാളുകളായി വന്ന മാറ്റങ്ങളെ കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗങ്ങളിൽ ഉയർത്തിക്കാട്ടി. ഈ മാറ്റങ്ങൾ റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങളിൽ അത്ഭുതപൂർവ്വമായ പുരോഗതിയിലേക്ക് നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
നർമദ നദീതീരത്തുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ആഭ്യന്തരവും രാജ്യാന്തരവുമായ വിനോദസഞ്ചാരം വർധിക്കാനും പുതുതായി ആരംഭിച്ച ട്രെയിൻ സർവ്വീസുകൾ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments