ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കായുള്ള കൊറോണ വാക്‌സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്‌സിൻ കയറ്റി അയക്കും. ആദ്യ ഘട്ട കുത്തിവെയ്പ്പിനായുള്ള കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് കയറ്റി അയക്കുക.
നേപ്പാൾ 10 ലക്ഷം ഡോസുകളും, ബംഗ്ലാദേശ് 20 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തിനായി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റി അയക്കുന്നതിനായി പുലർച്ചയോടെ തന്നെ മുംബൈയിൽ ഛത്രപതി ശിവജി വിമാനത്താവളത്തിലേക്ക് വാക്‌സിൻ എത്തിച്ചിട്ടുണ്ട്. വാക്‌സിൻ കൈപ്പറ്റുന്നതിനും, കുത്തിവെയ്പ്പിനായി കൊണ്ടു പോകുന്നതിനുമുള്ള ഒരുക്കങ്ങൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കി. രണ്ടാം ദിവസമാണ് ഇന്ത്യ നേപ്പാളിലേക്ക് വാക്‌സിൻ കയറ്റി അയക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങൾ ഇന്ത്യ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിൻ നൽകുന്നത്. വാക്‌സിൻ തയ്യാറായാൽ ലോകരാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്‌സിൻ കയറ്റുമതിയ്‌ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്‌സിനുകൾ കയറ്റി അയക്കുന്നത്. വരും ദിവസങ്ങളിലും വാക്‌സിൻ കയറ്റുമതി തുടരും.
Comments