വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയെന്നവകാശപ്പെടുന്ന സമാധാന കരാർ വ്യവസ്ഥകൾ പുന:പരിശോധിക്കാനൊരുങ്ങി ബൈഡൻ. കാലങ്ങളായി അമേരിക്കൻ സേനയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്ന അഫ്ഗാനിൽ നിന്നും തൊണ്ണൂറു ശതമാനം സൈനികരേയും പിൻവലിച്ചതോടെ താലിബാന്റെ ഭീകരത വർദ്ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം പുന:പരിശോധിക്കുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേശകനായ ജെയ്ക് സുള്ളിവനാണ് വിവരം അറിയിച്ചത്.
അഫ്ഗാൻ ഭരണകൂടവുമായി ഉണ്ടാക്കിയ കരാറിൽ താലിബാൻ ഒരു പ്രധാന കക്ഷിയാണ്. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം പക്ഷെ താലിബാൻ അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാൻ ഭരണകൂടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാൻ നടത്തുന്നത്. അയ്യായിരം കൊടും കുറ്റവാളികളായ താലിബാൻ ഭീകരരെ അഫ്ഗാൻ ഭരണകൂടം വിട്ടയച്ചതും ഇതേ കരാറനുസരിച്ചായിരുന്നു. ദോഹയിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളും ചർച്ചയിൽ സന്നിഹിതരായിരുന്നു.
സൈനിക താവളത്തിന് നേരെ അക്രമം നടന്നതും ഗൗരവപൂർവ്വമാണ് അമേരിക്ക നിരീക്ഷിക്കുന്നത്.സമാധാനകരാർ അഫ്ഗാനിൽ സ്ഥിരതയാർന്ന ഒരു ഭരണകൂടം ഉണ്ടാവാനാണ്. എന്നാൽ താലിബാൻ വിവിധ ഭീകര സംഘടനകളെ കൂട്ടുപിടിച്ചി രിക്കുകയാണ്. ജെയ്ക് സുള്ളിവൻ വിഷയത്തിൽ അഫ്ഗാനിലെ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹൈബുമായി ടെലഫോൺ സംഭാഷണം നടത്തിയെന്നാണ് വിവരം.
















Comments