ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍

Published by
Janam Web Desk

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രം തുറന്നു കാണിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥപാത്രമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ചിത്രത്തില്‍ വരുന്ന അമ്പതോളം പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് സംവിധായകന്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്ന താരം ആരാണെന്ന വിവരം പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംവിധായകനായ വിനയന്‍ തന്നെ സോഷ്യല്‍ മീഡിയ വഴി ആ താരം ആരെന്ന് പറഞ്ഞിരിക്കുകയാണ്. യുവതാരം സിജു വില്‍സണ്‍ ആണ് ഇപ്പോള്‍ ആറാട്ടുപുഴ വേലായുധന്‍ എന്ന നവോത്ഥാന നായകനായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

ആറുമാസമായി കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. കളരി, കുതിര, ഓട്ടം, മറ്റ് ആയോധനകലകള്‍ തുടങ്ങിയവ ആറുമാസമായി താരം പരിശീലിക്കുന്നുണ്ട്. മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് വിനയന്‍. സാധാരണ നായകന്‍മാരില്‍ നിന്നും വേറിട്ട നായക കഥാപാത്രങ്ങളെയാണ് വിനയന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളളത്.

ഒരുപാട് കാലമായുള്ള ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷമാണ് തിരുവിതാംകൂറിന്റെ ഇതിഹാസം എടുത്തു കാണിക്കുന്ന ഇത്തരമൊരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ വിനയന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഒരു സ്വപ്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ പോസ്റ്ററും വിവരങ്ങളുമെല്ലാം മുന്‍പേ തന്നെ വിനയന്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടിരുന്നു. തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന കളളനായ കായംകുളം കൊച്ചുണ്ണി, മാറുമറയ്‌ക്കല്‍ സമരത്തിന്റെ അമരക്കാരിയായ നങ്ങേലി തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഈ ചരിത്ര സിനിമയെ സമ്പന്നമാക്കുന്നു. ഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share
Leave a Comment