ബാഗ്ദാദ്: താലിബാനോടുള്ള ബൈഡൻ ഭരണകൂടത്തിന്റെ നയത്തിലെ മാറ്റം സ്വാഗതം ചെയ്ത് അഫ്ഗാൻ ഭരണകൂടം. അഫ്ഗാൻ പ്രസിഡന്റ് ഡോ. അഷറഫ് ഗനി നേരിട്ടാണ് അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്. ദോഹയിൽ വെച്ച് ഒപ്പുവെച്ച സംയുക്ത സമാധാന കരാറിലെ ഒരു നിർദ്ദേശവും താലിബാൻ ഇതുവരെ പാലിച്ചിട്ടില്ലെന്ന വിചിത്രമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഗനി പറഞ്ഞു. അതേ സമയം അയ്യായിരം തടവുകാരെ മോചിപ്പിച്ചുകൊണ്ടും താലിബാൻ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുകൊണ്ടും അഫ്ഗാൻ ഭരണകൂടം സമാധാനകരാറിനോട് നീതിപുലർത്തിയതും ഗനി ചൂണ്ടിക്കാട്ടി.
ട്രംപിന് ശേഷമെത്തിയ ജോ ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും ലോകത്തെ തന്ത്രപരമായ പ്രദേശങ്ങളിലെ അമേരിക്കൻ സേനയുടെ സാന്നിദ്ധ്യം കുറയുന്നതിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. താലിബാനടക്കമുള്ള ഭീകരസംഘടനകൾ അമേരിക്കയ്‌ക്ക് ഭീഷണിയാകാതിരിക്കാൻ അവരുടെ മേഖലകളിലെ സൈനിക സാന്നിദ്ധ്യം നിർണ്ണായകമാണെന്ന നിലപാടാണ് ബൈഡന്റേത്.
അധികാരമേറ്റ ശേഷവും അഫ്ഗാനിലെ വിഷയം ബൈഡൻ പരാമർശിച്ചത് ഗനിക്ക് ആശ്വാസമായിരിക്കുകയാണ്. അഫ്ഗാനിലെ സമാധാന ശ്രമങ്ങൾക്ക് അമേരിക്കയുടെ പിന്തുണകൂടിയേ തീരൂ എന്നത് വാസ്തവമാണെന്ന് അഷ്‌റഫ് ഗനി വീണ്ടും എടുത്തു പറഞ്ഞു. മേഖലയിൽ ഇറാന്റെ അമേരിക്കയോടുള്ള നയത്തിലും കടുംപിടുത്തം തുടരുന്നതിനാൽ അഫ്ഗാനിലെ സൈനിക താവളം വീണ്ടും സജീവമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഗനി ചൂണ്ടിക്കാട്ടുന്നത്.
















Comments