ന്യൂഡൽഹി: വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ സന്നദ്ധ സംഘടനകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ഇന്ത്യയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ രൂപയിൽ ഫണ്ട് സ്വീകരിക്കുന്നതിനാണ് പുതിയ നിയന്ത്രണം വരുത്തി യിരിക്കുന്നത്. ബാങ്കുകൾക്കാണ് ഫണ്ട് സംബന്ധിച്ച് നിയന്ത്രണങ്ങൾ വരുത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നിരവധി സംഘടനകൾ വിദേശഫണ്ട് സ്വരൂപിക്കാൻ കണ്ടെത്തി മാർഗ്ഗം എഫ്.സി.ആർ.എ നിയമങ്ങളെ ലംഘിക്കാനുള്ള തന്ത്രമാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇതിനെ തുടർന്നാണ് ഇന്ത്യൻ രൂപയിലുള്ള ഫണ്ട് സ്വീകരിക്കുന്നതിലും പിടിമുറുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ ചട്ടപ്രകാരം ഏതെങ്കിലും വ്യക്തികളോ സംഘടനകളോ എഫ്.സി.ആർ.എ യുടെ അനുമതി ലംഘിച്ചാൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് തീരുമാനം. കഴിഞ്ഞ സെപ്തംബറിൽ പാർലമെന്റ് വരുത്തിയ ഭേദഗതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയുമായി എല്ലാ അത്തരം സ്ഥാപനങ്ങളും അക്കൗണ്ടുകൾ ബന്ധിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഒരു സംഘടനയും ഫണ്ടുകൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യാതിരിക്കാനാണ് മുൻകരുതലെടുത്തിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തര വകുപ്പറിയിച്ചു.
Comments