ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛഭാരത് മിഷൻ രാജ്യത്ത് ഇനിയും തുടരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമാക്കുന്നതിനായി സ്വച്ഛ് ഭാരത് രണ്ടാം ഘട്ടം ആരംഭിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി 1,41,678 കോടി രൂപ നീക്കി വയ്‌ക്കും. ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. ഇതിന് വഴിയൊരുക്കുന്നതോടെ നഗരങ്ങളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിനായി പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള നയവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആയുസ്സ് നിശ്ചയിക്കും. അതിനു ശേഷം പൊളിച്ചു നീക്കുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെഹിക്കിള്‍ സ്ക്രാപ്പിങ് പോളിസിയുടെ ഭാഗമായാണ് പുതിയ നീക്കം.
പഴയ വാഹനങ്ങള്‍ റോഡിൽ നിന്നു നീക്കുകയും കുറഞ്ഞ മലിനീകരണവും കൂടിയ ഇന്ധനക്ഷമതയുമുള്ള പുതിയ വാഹനങ്ങള്‍ കടുതലായി റോഡുകളിലെത്തിക്കുകയുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പുക തുപ്പുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളിൽ നിന്ന് ഒഴിയുന്നതോടെ മലിനീകരണത്തിൽ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
















Comments