മലപ്പുറം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണം.കത്വ, ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ യൂത്ത് ലീഗ് നേതാക്കൾ തിരിമറിയെത്തിയെന്നാണ് ആരോപണം ഉയരുന്നത്. സമാഹരിച്ച പണം ഇരകൾക്ക് കൈമാറാതെ കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചത്.
കത്വ,ഉന്നാവോ വിഷയത്തിലൂടെ സംസ്ഥാനത്ത് വർഗ്ഗീയ വിവാദമുണ്ടാക്കുകയായിരുന്നു ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ചെയ്തത്. വിഷയത്തിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വർഗ്ഗീയ ചേരിതിരിവ് നടത്തിയാണ് പാർട്ടി ഇത്രയും വലിയ പണം സ്വരൂപിച്ചത്. ഈ പണം ഇരകൾക്ക് നൽകാതെ സ്വകാര്യ ആവശ്യത്തിനുപയോഗിച്ചു എന്ന ഗുരുതര ആരോപണമാണ് പുറത്തുവരുന്നത്.
യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്നാണ് യൂസഫ് പടനിലം പറയുന്നത്.
ആരോപണ വിധേയരായ സി.കെ.സുബൈർ, പി.കെ.ഫിറോസ് എന്നിവരെ മുസ്ലീം ലീഗ് നേതൃത്വം സംരക്ഷിക്കുകയാണ്. യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്നും ഇതിനായി വിജിലൻസിനെ സമീപിക്കുമെന്നും യൂസഫ് വ്യക്തമാക്കുന്നു.
യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ഭാഗീകമായി ശരിവച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങളും രംഗത്തു വന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ല. ഇതു സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിനും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഈനലി കൂട്ടിച്ചേർത്തു.
















Comments