കൊറോണ: 11 വയസുള്ള കുട്ടി ഇന്ന്‌ ഖത്തറില്‍ മരണമടഞ്ഞു.

Published by
Janam Web Desk

 

ദോഹ* ഖത്തറില്‍ ഇന്ന്‌(വെള്ളി) ഒരു കൊറോണ രോഗി മരണമടഞ്ഞു. 11 വയസ്സുള്ള
കുട്ടിയാണ്‌ ഇന്നു മരണമടഞ്ഞതെന്ന്‌ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ കൊറോണ മരണങ്ങള്‍ 250 ആയി. അന്താരാഷ്‌ട്രതലത്തില്‍ കുറഞ്ഞ കൊറോണ
മരണനിരക്കുള്ള രാജ്യമാണ്‌ ഖത്തര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേരില്‍ രോഗബാധ സ്‌ഥിരീകരിച്ചപ്പോള്‍
ചികിത്സയിലായിരുന്ന 153 പേര്‍ രോഗമുക്‌തി നേടിയതായും മന്ത്രാലയം
അറിയിച്ചു. പുതിയതായി രോഗം സ്‌ഥിരീകരിച്ചവരില്‍ 371 പേര്‍
ഖത്തറിലുള്ളവരും 27 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക്‌
എത്തിയവരുമാണ്‌. ആകെ രോഗികളുടെ എണ്ണം 6,000 പിന്നിട്ട സാഹചര്യത്തില്‍
ഖത്തര്‍ കോവിഡ്‌ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്‌.
സര്‍ക്കാര്‍ ഓഫിസുകളിലും പൊതു, സ്വകാര്യ മേഖലകളിലും ഹാജര്‍ 80% ആക്കി
കുറച്ചു. അവശേഷിക്കുന്ന 20% ജീവനക്കാര്‍ ഓണ്‍ലൈനായി ജോലി തുടരും.
വിവാഹങ്ങള്‍ക്ക്‌ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അനുമതിയില്ല.
തുറസ്സിടങ്ങളിലെ സല്‍ക്കാര ചടങ്ങുകളില്‍ 15 പേര്‍ക്കും അടച്ചിട്ട
സ്‌ഥലങ്ങളില്‍ അഞ്ചു പേര്‍ക്കും മാത്രമാണ്‌ പങ്കെടുക്കാന്‍ അനുമതി.
സ്‌കൂളുകളില്‍ പകുതി കുട്ടികള്‍ ഹാജരാവുകയും ബാക്കിയുള്ളവര്‍ക്ക്‌
ഓണ്‍ലൈന്‍ ക�ാസും തുടരും. ബ്യൂട്ടി സലൂണുകളുടേയും ബാര്‍ബര്‍
ഷോപ്പുകളുടേയും പ്രവര്‍ത്തനശേഷിയും കുറച്ചിട്ടുണ്ട്‌. റസ്‌റ്ററന്റുകളില്‍
നിന്ന്‌ ഭക്ഷണം പാഴ്‌സലായി മാത്രമേ ലഭിക്കൂ.
യുകെയിലെ ജനിതകമാറ്റം വന്ന കൊറോണ വൈറസ്‌ രാജ്യത്തെത്തിയതായി ഏതാണ്ടു
സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ്‌ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്‌.
മൂന്നാഴ്‌ച കൂടുമ്പോള്‍ സ്‌ഥിതിഗതികള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ
കോവിഡ്‌ സ്‌ട്രാറ്റജിക്‌ ഗ്രൂപ്‌ വിലയിരുത്തും. ആവശ്യമെങ്കില്‍ നാലു
ഘട്ടങ്ങളായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്‌ ഹമദ്‌
മെഡിക്കല്‍ കോര്‍പറേഷന്‍ സാംക്രമിക രോഗപ്രതിരോധ വിഭാഗം മേധാവിയും കൊറോണ
ദേശീയാരോഗ്യ സ്‌ട്രാറ്റജിക്‌ ഗ്രൂപ്‌ അധ്യക്ഷനുമായ ഡോ. അബ്‌ദുല്‍ലത്തീഫ്‌
അല്‍ ഖാല്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന
വര്‍ധനവ്‌ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ
ആശങ്കയുണര്‍ത്തുന്നുണ്ട്‌. രോഗികള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ ഫീല്‍ഡ്‌
ആശുപത്രികള്‍ വീണ്ടും സജ്‌ജമാക്കുന്നുണ്ട്‌.
6,419 പേരാണ്‌ ഇപ്പോള്‍ ചികിത്സയിലുള്ളത്‌. ഇതില്‍ ആശുപത്രികളില്‍
കഴിയുന്നത്‌ 546 പേരാണ്‌. ഇവരില്‍ 73 പേര്‍ 24 മണിക്കൂറിനിടെ
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്‌. 54 പേരാണ്‌ അതിതീവ്ര പരിചരണ
വിഭാഗത്തിലുള്ളത്‌. 1,53,296 പേര്‍ക്കാണ്‌ ഇതുവരെ ഖത്തറില്‍ കൊറോണ
ബാധിച്ചത്‌. ഇതില്‍ 1,46,627 പേരും ഇതിനകം രോഗമുക്‌തി നേടി. 14,19,256
പരിശോധനകളാണ്‌ ഖത്തര്‍ ഇതുവരെ നടത്തിയത്‌.

Share
Leave a Comment