വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ അതിശക്തമായ നീക്കത്തിനൊരുങ്ങാൻ പെന്റഗണിന് നിർദ്ദേശം. ചുമതലയേറ്റ ശേഷം പ്രതിരോധ ആസ്ഥാനത്തേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ആദ്യ സന്ദർശനത്തിലാണ് നിർദ്ദേശം നൽകിയത്. ചൈനാ ചലഞ്ച് ഏറെ സുപ്രധാനവും നിർണ്ണായകവു മാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. പുതു തന്ത്രം ചൈനക്കെതിരെ പയറ്റാനായി സംയുക്ത സേനാ വിഭാഗങ്ങളുടെ വിന്യാസം അനിവാര്യമാണെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.
പ്രതിരോധ വകുപ്പിന്റെ ചൈനക്കെതിരായ നീക്കങ്ങളെ ബൈഡൻ വിലയിരുത്തി. ചൈനയുടെ വെല്ലുവിളി നേരിടാൻ പ്രത്യേകം തന്നെ ഒരു കർമ്മസേന വേണമെന്നാണ് തീരുമാനിച്ചത്. ജനകീയ മേഖലകളിലും യുദ്ധരംഗത്തും അതിവേഗം തീരുമാനം എടുക്കാനും പ്രവർത്തിക്കാനും അധികാരമുള്ള സംവിധാനമാണ് ഒരുക്കുക. പ്രതിരോധ സെക്രട്ടറി ഓസ്റ്റിനെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബൈഡൻ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
കർമ്മ സേനയിൽ പ്രതിരോധരംഗത്തുള്ളവരും മറ്റ് ഉദ്യോഗസ്ഥരും ചില മേഖലകളിലെ വിദഗ്ധന്മാരും ഉൾപ്പെടുമെന്ന് പെന്റഗൺ വൃത്തങ്ങളറിയിച്ചു. ഒപ്പം സാങ്കേതിക രംഗത്തും ചൈനയുടെ വളർന്നുവരുന്ന ഭീഷണയെ ചെറുക്കാനും സമുദ്രത്തിലും ബഹിരാകാശത്തും ചൈനയെ തളയ്‌ക്കാനും അമേരിക്ക പദ്ധതിയിടുകയാണ്.
Comments