കാബൂൾ: തുടർച്ചയായി രണ്ടാം ദിവസവും കാബൂളിൽ ഭീകരാക്രമണം. ഭീകരാക്രമണത്തിൽ പോലീസ് മേധാവി കൊല്ലപ്പെട്ടു. കാബൂളിൽ നടന്ന സ്‌ഫോടനത്തിലാണ് പോലീസ് മേധാവി വധിക്കപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്്. കാബൂളിലെ പിഡി5 എന്ന പേരിലറിയപ്പെടുന്ന ജില്ലയുടെ പോലീസ് മേധാവി മുഹമ്മദ്‌സായ് കൊച്ചിയാണ് സ്‌ഫോടനത്തിനിരയായത്. കൊച്ചിയുടെ വാഹനത്തെ ലക്ഷ്യമിട്ടു തന്നെയാണ് ഭീകരർ നിലയുറപ്പിച്ചതെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഒരു ദിവസം തന്നെ മൂന്ന് ബോംബ് സ്‌ഫോടനങ്ങളാണ് ഭീകരർ നടത്തിയത്. ആറു പേർ കൊല്ലപ്പെടുകയും ആകെ 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ പഹ്ഗാം ജില്ലയിലെ ഖ്വാല-ഇ-അബുൾ അലി മേഖലയിലാണ് ആക്രമണം നടന്നത്.
കാബൂളിൽ തന്നെ ഗ്രാമീണ പുനരധിവാസ വകുപ്പിന്റെ നാല് ഉദ്യോഗസ്ഥരെ അഞ്ജാതനായ ഒരു തോക്ക്ധാരി കൊലപ്പെടുത്തി ഒരു ദിവസത്തിനകമാണ് തുടർച്ചയായ മൂന്ന് സ്‌ഫോടനങ്ങൾ നടക്കുന്നത്. ഇതേ മേഖലയ്‌ക്കടുത്ത് വിദേശകാര്യവകുപ്പിന്റെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. റോഡിൽ കുഴിച്ചിട്ട മൈൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞമാസം നാല് മാദ്ധ്യമപ്രവർത്തകരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
















Comments