ന്യൂഡൽഹി: പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് ചൈന സൈനികരെ പിൻവലിക്കുന്നു. കമാൻഡർ തല ചർച്ചകളുടെ ഭാഗമായാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ഒറ്റ ദിവസം കൊണ്ട് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിത്. ഇത്രപെട്ടെന്നു തന്നെ ചൈന പിൻമാറുന്നതിന്റെ കാരണം എന്തെന്ന് ഇന്ത്യയ്‌ക്ക് വ്യക്തമല്ല.
ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ഇത് ചൈനയുടെ സൈനിക തന്ത്രമായാണ് ഇന്ത്യൻ സൈന്യം വിലയിരുത്തുന്നത്.
അതേ സമയം അതിർത്തിയിൽ നിന്ന് ഇന്ത്യയും സൈന്യത്തെ പിൻവലിച്ചു തുടങ്ങി. എങ്കിലും ഏതു സാഹചര്യവും നേരിടാൻ ജാഗ്രതയോടെ സജ്ജമായിരിക്കണമെന്ന് സൈന്യത്തിന് നിർദേശമുണ്ട്. ചൈനീസ് സൈന്യം ഫിംഗർ എട്ടിലെ കിഴക്കുഭാഗത്തെ സ്രിജാപ് സെക്ടറിലേക്കും ഇന്ത്യൻ സേന ഫിംഗർ മൂന്നിലെ ധൻസിങ് ധാപ്പ പോസ്റ്റിലേക്കുമാണ് പിൻവാങ്ങുന്നത്. പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികളും നിർത്തിവയ്‌ക്കും.
പാംഗോങിലെ പിൻമാറ്റം പൂർത്തിയായ ശേഷം, 15 ഗോഗ്ര, 17 ഹോട് സ്പ്രിങ് മേഖലയിലെയും സൈനിക സാന്നിദ്ധ്യം കുറയ്‌ക്കുന്നതിൽ ചർച്ചയുണ്ടാവുമെന്നാണ് സൂചന. ഘട്ടംഘട്ടമായി മാത്രമെ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കൂ എന്ന് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നു.
Comments