മലപ്പുറം:ഉത്സവച്ചിലവ്, വഴിപാട് ചിലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്‌ക്കണമെന്ന് സർക്കാർ ഉത്തരവ്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, വഴിപാട്, തന്ത്രി ദക്ഷിണ എന്നിവയ്‌ക്ക് വേണ്ടിവരുന്ന ചിലവ് ദുർവ്യയമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച്, പുറത്തിറക്കിയ ഉത്തരവിലാണ് സർക്കാരിന്റെ വിവാദ പരാമർശം.
ഉത്സവം വഴിപാട് കാര്യങ്ങളിൽ ചിലവ് വർദ്ധിക്കുന്നതിനാൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പിലാവുന്നില്ലെന്നാണ് ഇതിനായി സർക്കാർ നൽകുന്ന വിശദീകരണം. ഉത്സവവഴിപാട് ചിലവുകളും തന്ത്രിദക്ഷിണയും എസ്റ്റാബ്ലിഷ്‌മെന്റ് ചിലവായി കണക്കാക്കണമെന്നും നിബന്ധനയിലുണ്ട്. ഈ ചിലവുകൾ വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടരുതെന്നാണ് ഉത്തരവിൽ നിർദേശിക്കുന്നത്.
ഉത്സവനടത്തിപ്പ്, ഭണ്ഡാരം തുറന്ന് എണ്ണൽ തുടങ്ങിയ പ്രവൃത്തികൾ ക്ഷേത്രജീവനക്കാരുടെ ഔദ്യോഗിക ജോലിയാണ്. ഇതിന് അധികവേതനമോ അലവൻസുകളോ അനുവദിക്കരുതെന്നും സർക്കുലറിൽ പറയുന്നു. സമാന്തര കമ്മിറ്റികൾ പ്രവർത്തിച്ച് ക്ഷേത്രവരുമാനം ചോർത്തിക്കൊണ്ടുപോകുന്നത് തടയേണ്ടത് ജീവനക്കാരുടെ ബാദ്ധ്യതയാണെന്നും ഉത്തരവിലുണ്ട്.
സർക്കാരിന്റെ ഈ ഉത്തരവിനെതിരെ തന്ത്രി മണ്ഡലമടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രസങ്കൽപമനുസരിച്ച് വഴിപാടുകൾ, ഉത്സവങ്ങൾ എന്നിവ ഒഴിവാക്കാനാകാത്ത ആചാരമാണെന്ന് സംഘടനകൾ വ്യക്തമാക്കുന്നു. തന്ത്രിദക്ഷിണ താന്ത്രികച്ചടങ്ങുകളുടെ ഭാഗമാണ്. ഇവയെ ദുർവ്യയമായി കണക്കാക്കാനാവില്ലെന്നും കുറവ് വരുത്താനാവില്ലെന്നും അവർ വ്യക്തമാക്കുന്നു.
















Comments