കോട്ടയം: മീശ നോവലിനെ ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡിനായി തിരഞ്ഞെടുത്തത് ഹിന്ദുക്കളോടുള്ള അവഹേളനമാണെന്ന് ഹിന്ദു ഐക്യവേദി. ഇത് അത്യന്തം പ്രതിഷേധാർഹമാണ് . ഇടതു സർക്കാർ തുടർന്നു വരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് ഈ നടപടിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു .
ക്ഷേത്രത്തിൽ പോകുന്ന ഹിന്ദു യുവതികൾ ലൈംഗിക ആവശ്യത്തിന് പോകുന്നവരാണെന്ന നോവലിലെ പരാമർശം അങ്ങേയറ്റം പ്രതിഷേധം ഉണ്ടാക്കിയതാണ് . ഹിന്ദുസ്ത്രീകളെ അവഹേളിച്ച ഈ നോവലിനെതിെരെ ശക്തമായ വികാരമാണ് സ്ത്രീകളുടെ ഭാഗത്തു നിന്നുമുണ്ടായത് . എന്നാൽ അതേ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകിക്കൊണ്ട് ക്ഷേത്ര വിശ്വാസികളേയും പൊതുവിൽ ഹിന്ദുസ്ത്രീകളേയും അപമാനിക്കുകയാണ് കേരള സർക്കാർ ചെയ്തത്.
ഹിന്ദു ദേവതകളെ നഗ്നരാക്കി വരച്ച എംഎഫ് ഹുസൈന് രവിവർമ്മ പുരസ്കാരം നൽകി ആദരിക്കാൻ ശ്രമിച്ചതും ഇടതു സർക്കാരായിരുന്നു . ഹിന്ദു വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സാന്ദീപാനന്ദഗിരിക്ക് വരെ അവാർഡ് നൽകിക്കൊണ്ട് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചെതെന്നും ആർ. വി ബാബു പറഞ്ഞു.
2019 കേരളസാഹിത്യ അക്കാദമി അവാർഡുകളാണ് സർക്കാർ ഇന്ന് പ്രഖ്യാപിച്ചത്. ഇതിൽ എസ്. ഹരീഷിന്റെ മീശ നോവൽ വിഭാഗത്തിൽ അവാർഡിന് അർഹമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. മീശ നോവലിന് അവാർഡ് നൽകാനുള്ള സർക്കാർ തീരുമാനം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന് ഹിന്ദു സമൂഹത്തോടുള്ള കലി അടങ്ങിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments