കൊച്ചി: ഓൺലൈൻ റമ്മി കളികൾ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലെ ചൂതാട്ട നിരോധന നിയമത്തിനൊപ്പമാണ് ഓൺലൈൻ റമ്മിയേയും ഉൾപ്പെടുത്തിയത്. ഗെയിമിംഗ് ആക്ടിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പണം വെച്ചുള്ള ഓൺ ലൈൻ റമ്മികളിയെക്കൂടി മറ്റ് ചൂതാട്ടത്തിനൊപ്പം ഉൾപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയിരുന്നു. തൃശ്ശൂർ സ്വദേശി പോളി വടയ്‌ക്കനാണ് ഹർജി നൽകിയത്. തുടർന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ നടപടി എടുക്കാമെന്ന ഉറപ്പ് നൽകിയത്. രണ്ടാഴ്ചയ്‌ക്കകം വിജ്ഞാപനം ഇറക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ചാണ് നീക്കം.
ഓൺലൈൻ റമ്മി കളിക്ക് ബ്രാൻഡ് അംബാസഡർമാരായ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, നടൻ അജു വർഗ്ഗീസ്, നടി തമന്ന ഭാട്ടിയ എന്നിവർക്കും നോട്ടീസയച്ചിരുന്നു. ഓൺ ലൈൻ റമ്മി കളി നടത്തുന്ന പ്ലേ ഗെയിംസ് പ്രൈ.ലി, മൊബൈൽ പ്രീമിയർ ലീഗ് എന്നിവർക്ക് പുറമേ സർക്കർ ഐ.ടി വകുപ്പും ടെലകോം റെഗുലേറ്ററി അതോറിറ്റിയും എതിർകക്ഷികളായാണ് ഹർജി ഹൈക്കോടതിയിലെത്തിയത്. കേരളത്തിൽ റമ്മി കളിയിൽ ഒരു യുവാവിന് 22 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
















Comments