ദോഹ: തിരിച്ചുവരവ് വിജയത്തോടെ ആഘോഷിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസ. ദോഹയിൽ നടക്കുന്ന ഖത്തർ ഓപ്പണിലാണ് വനിതാ ഡബിൾസിൽ സാനിയാ- ക്ലെപാക് സഖ്യം ആദ്യമത്സരം ജയിച്ചത്. ഇന്ത്യൻ-സ്ലോവേനിയാ സഖ്യം ഉക്രെയിനിന്റെ നാദിയാ കിച്ച്‌നോക്-ല്യൂഡ് കിച്‌നോക് സഖ്യത്തെയാണ് തകർത്തത്. സ്‌കോർ 6-4,6-7,10-5. ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റ് കൈവിടേണ്ടി വന്നു. മൂന്നാം സെറ്റിൽ ടൈബ്രേക്കറിൽ കനത്ത പോരാട്ടം നടത്തിയാണ് സെറ്റും മത്സരവും സ്വന്തമാക്കിയത്. ടോപ് സീഡുകളായതിനാൽ ക്വാർട്ടറിലേക്ക് നേരിട്ട് കടക്കുകയായിരുന്നു.
കഴിഞ്ഞ വർഷം കൊറോണ കാലത്തിന്റെ തുടക്കത്തിൽ ഇതേ ടൂർണ്ണമെന്റിലാണ് സാനിയ അവസാനമായി കളിച്ചത്. തുടർന്ന് ഈ വർഷം ജനുവരിയിൽ കൊറോണ ബാധിച്ച സാനിയ രോഗമുക്തിനേടിയ ഉടൻ ശക്തമായ പരിശീലനമാണ് കോർട്ടിൽ നടത്തിയത്. പ്രസവത്തിന് ശേഷം ഹൊബാർട്ട് ടെന്നീസ് കിരീടം ചൂടി തിരികെ എത്തി ചരിത്രം സൃഷ്ടിച്ച സാനിയ ഇത്തവണയും അത്തരം ഒരു നേട്ടത്തിനായുള്ള പരിശ്രമത്തിലാണ്.
















Comments