തൃശൂർ : ജനം മൾട്ടി മീഡിയ ലിമിറ്റഡിന് ഇനി പുതിയ ഭരണസാരഥ്യം. മാനേജിംഗ് ഡയറക്ടറായി എൻ.കെ സുരേന്ദ്രനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വിപിൻ പിജിയും ചുമതലയേറ്റു.സ്ഥാപക മാനേജിംഗ് ഡയറക്ടർ ആയ പി. വിശ്വരൂപൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് എൻ.കെ സുരേന്ദ്രൻ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്.
ജനം ടിവി യുടെ തൃശൂരിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ എം.ഡി പി. വിശ്വരൂപനും ഫിനാൻസ് ഡയറക്ടർ യു എസ് കൃഷ്ണകുമാറും ഇരുവരെയും സ്വീകരിച്ചു. ഡയറക്ടർമാരായ കെ എസ് മുരളീധരൻ, എൻ പി മുരളി, ബാബു എംവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുതുക്കാട് പഞ്ചായത്തിലെ മറവാഞ്ചേരി സ്വദേശിയായ എൻ.കെ സുരേന്ദ്രൻ രാഷ്‌ട്രീയ സ്വയംസേവക സംഘം പുതുക്കാട് ഖണ്ഡിന്റെ സമ്പർക്ക പ്രമുഖാണ്. സഞ്ജീവനി ബാലിക സദനം ഡയരക്ടർ , ലയൺസ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ലയൺസ് ക്ലബ്ബിന്റെ മെൽവിൻ ജോൺ ഫെല്ലോഷിപ്പ് എടുത്തിട്ടുണ്ട്. വൃന്ദാവനം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് സംഘത്തിന്റെ പ്രസിഡന്റാണ്. സാമൂഹിക സാംസ്കാരിക സേവന മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റ വിപിൻ പിജി ഇരിങ്ങാലക്കുട പൂമംഗലം പഞ്ചായത്തിലെ എടക്കുളം സ്വദേശിയാണ്. പ്രവാസി വ്യവസായിയായ ഇദ്ദേഹം തൃശൂരിൽ ഫാർമ ഡിസ്ട്രിബ്യൂഷൻ രംഗത്ത് പ്രവർത്തിക്കുന്നു. ഇരിങ്ങാലക്കുട നിവേദിത വിദ്യാനികേതൻ സെക്രട്ടറി ആയി ചുമതല വഹിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ എണ്ണ പ്രകൃതിവാതക മേഖലയിൽ കമ്പനി നടത്തുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ സജീവ പ്രവർത്തകനായിരുന്ന വിപിൻ കൊരട്ടി പോളിടെക്നിക്കിലെ യൂണിയൻ ചെയർമാനായിരുന്നു.
















Comments