വാഷിംഗ്ടൺ: തെക്കൻ ചൈനാ കടലിലെ ചൈനയുടെ ഭീഷണിക്കെതിരെ എല്ലാ മറയും നീക്കി പ്രതിരോധിക്കാനൊരുങ്ങി ജപ്പാന്റെ നീക്കം. അമേരിക്കയുടെ നിർദ്ദേശപ്രകാരമാണ് ജപ്പാൻ സന്നാഹങ്ങളൊരുക്കുന്നത്. ജപ്പാന്റെ ചെറുദ്വീപ സമൂഹത്തിന് നേരെപോലും ചൈന അധിനിവേശ ശ്രമം നടത്തുന്നതും നീക്ക ത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. അമേരിക്കയുടേയും ജപ്പാന്റേയും പ്രതിരോധ വിദേശകാര്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ സുപ്രധാന ചർച്ചകളാണ് നടത്തിയത്.
അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധിയും ജപ്പാന്റേയും ദക്ഷിണ കൊറിയയുടേയും വിഷയത്തിൽ പങ്കാളിത്തമുള്ള മാർക് ക്‌നാപ്പറും കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള പ്രതിരോധ വകുപ്പ് അസി. സെക്രട്ടറി മ്യാരി ബേത് മോർഗനുമാണ് ജപ്പാനുമായി ചർച്ച നടത്തിയത്. വീഡിയോ കോൺഫറൻസിൽ ജപ്പാന്റെ വിദേശകാര്യവകുപ്പിലെ പ്രതിരോധ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ താരോ യമാട്ടോയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
പെസഫിക് സമുദ്രമേഖലയിൽ കൂടുതൽ മേധാവിത്വത്തിനുള്ള ഒരുക്കമാണ് ചൈന നടത്തുന്നത്. ചൈനാ കടലിൽ വൻ പ്രതിരോധം തീർക്കാനാണ് ജപ്പാന്റെ ശ്രമം. അമേരിക്ക-ജപ്പാൻ ഉന്നത തല പ്രതിരോധവിദഗ്ധർ ചൈനയുടെ വിഷയം മാത്രം മുൻനിർത്തിയുള്ള ചർച്ചകളാണ് നടത്തിയത്. ചൈനയുടെ കോസ്റ്റ് ഗാർഡ് സുരക്ഷാ നിയമത്തിനെതിരെ ചൈനാ കടലിലും പെസഫിക്കിലും സംയുക്ത നീക്കത്തിനാണ് അമേരിക്ക ജപ്പാന്റെ സഹായം തേടിയത്.
പെസഫിക് മേഖലയിൽ സ്വതന്ത്ര വ്യാപാര നീക്കം സാദ്ധ്യമാകണം. കപ്പലുകൾക്ക് സുഗമമായ പാത ഒരുക്കണം. പെസഫിക്കിലേയും ചൈനാ കടലിലേയും ചെറു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം. എന്നീ വിഷയങ്ങൾ മുൻ നിർത്തിയാണ് അമേരിക്ക ക്വാഡ് സഖ്യത്തിനും രൂപം നൽകിയത്. ഇതിനിടെ ചൈനാ കടലിൽ തായ്‌വാനും, ജപ്പാനും വിയറ്റ്‌നാമിനും ഇന്തോനേഷ്യയ്‌ക്കും വെല്ലുവിളിയായിട്ടാണ് ചൈന തീരരക്ഷാ സേനാ നിയമം പുതുക്കിയത്. ഇതനു സരിച്ച് നാവിക സേനയ്‌ക്ക് തുല്യമായ പദവിയും കപ്പലുകളും ആയുധങ്ങളും സജ്ജീകരിച്ചാണ് തീരരക്ഷാ സേനയെ ബീജിംഗ് ശാക്തീകരിച്ചത്.
Comments