കേരള കാര്‍ഷിക സര്‍വകലാശാലയും വനം വന്യജീവി വകുപ്പും കൊല്ലം ബേര്‍ഡ് ബറ്റാലിയനും കേരള ബേര്‍ഡ് അറ്റ്‌ലസ് സംഘവും ചേര്‍ന്ന് തെന്‍മല ശെന്തുരിണി വന്യജീവി സങ്കേതത്തില്‍ നടത്തിയ വാര്‍ഷിക സര്‍വ്വേയില്‍ പുതിയ ഇനം പക്ഷികളെ കണ്ടെത്തി. പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നാല്‍പത് പേരാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെട്ടിരുന്നത്. 170 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിലെ വ്യത്യസ്തമായ ആവാസ മേഖലകളില്‍ സംഘങ്ങളായി തിരിഞ്ഞ് നാലു ദിവസം കൊണ്ടാണ് ഇവര്‍ പക്ഷികളെ നിരീക്ഷിച്ചു കണ്ടെത്തിയത്. മേനിപ്പൊന്‍മാന്‍, ഹിമാലയന്‍ ശരപ്പക്ഷി എന്നീ പുതിയ ഇനം പക്ഷികള്‍ ഉള്‍പ്പെടെ 179 ഇനം പക്ഷികളെ ഈ സംഘം കണ്ടെത്തി എത്തി.
സര്‍വ്വേയുടെ വിശദ റിപ്പോര്‍ട്ട് അടുത്തു തന്നെ പ്രസിദ്ധീകരിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. സജീവ് കുമാര്‍ വ്യക്തമാക്കി. നാല്‍പത് പേരടങ്ങുന്ന സര്‍വ്വേയ്‌ക്ക് ഡോ. ജിഷ്ണു, ഹരി മാവേലിക്കര, അയി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ടി. എസ്. സജു എന്നിവരാണ് നേതൃത്വം നല്‍കിയത്. ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം. കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. തെന്മലയാണ് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം. അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ട ഗ്ലൂട്ടാ ട്രാവന്‍കൂറിക്ക എന്ന ചെന്തുരുണി മരങ്ങള്‍ ധാരാളമായി വളരുന്നതു കൊണ്ടാണ് ഈ പേരു ലഭിച്ചത്.
ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപ്പുഴ, കുളത്തൂപ്പുഴ എന്നിവ ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ വെച്ച് സംഗമിച്ച് കല്ലടയാറായി ഒഴുകുന്നത് കാണാം.1257 ഇനം സപുഷ്പിസസ്യങ്ങളും, 62 ഇനം സസ്തനികള്‍, 171 ഇനം പക്ഷികള്‍, 36 ഇനം ഉരഗങ്ങള്‍, 54 ഇനം ഉഭയജീവികള്‍, 31 ഇനം മത്സ്യങ്ങള്‍, 187 ഇനം ശലഭങ്ങള്‍, 44 ഇനം തുമ്പികള്‍, 40 ഇനം ഉറുമ്പുകള്‍ എന്നിവയെ ഇവിടെ കണ്ടു വരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭവും, ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭങ്ങളില്‍ ഒന്നായ ഓറിയന്റല്‍ ഗ്രാസ് ജുവല്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.
Comments